ന്യൂഡൽഹി : മുടങ്ങിക്കിടന്നിരുന്ന കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിൽ എത്തിയതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനും ഇന്ത്യയും ചൈനയും തത്വത്തിൽ ധാരണയിൽ ആയിട്ടുണ്ട്.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളവും സുഗമവുമാക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ഇന്ത്യയും ചൈനയും താല്പര്യപ്പെടുന്നതായി ചൈന സന്ദർശനത്തിലുള്ള വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ബീജിംഗിൽ വൈസ് വിദേശകാര്യ മന്ത്രി സൺ വെയ്‌ഡോംഗ്, വിദേശകാര്യ മന്ത്രി വാങ് യി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ അന്താരാഷ്ട്ര വകുപ്പ് മന്ത്രി ലിയു ജിയാൻചാവോ എന്നിവരുമായും വിക്രം മിസ്രി കൂടിക്കാഴ്ച നടത്തി.
1981 മുതൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ചൈനീസ് സർക്കാരിൻ്റെ സഹകരണത്തോടെ കുമൗൺ മണ്ഡല് വികാസ് നിഗം ലിപുലേഖ് ചുരം വഴി കൈലാസ്-മാനസരോവറിലേക്ക് ഹിന്ദു തീർത്ഥാടകർ തീർത്ഥയാത്ര നടത്തുന്നു. ശിവപാർവതിമാരുടെ ആലയമായി കരുതപ്പെടുന്ന കൈലാസവും ബ്രഹ്മാവിന്റെ മനസ്സിൽ നിന്നും ഉത്ഭവിച്ച നദി എന്ന പേരിൽ അറിയപ്പെടുന്ന മാനസരോവരും പവിത്രമായാണ് ഹിന്ദുമത വിശ്വാസികൾ കരുതുന്നത്. ഈ രണ്ടു സ്ഥലങ്ങളിലേക്കും വേനൽക്കാലത്ത് നടത്തുന്ന തീർത്ഥയാത്രയാണ് കൈലാസ് മാനസരോവർ യാത്ര.
Discussion about this post