ഭുവനേശ്വർ : മ്യൂസിക് കൺസെർട്ടുകൾക്ക് ഇപ്പോൾ ഇന്ത്യയിൽ വലിയ സാധ്യതയാണ് ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് റോക്ക് ബാൻഡ് ആയ കോൾഡ്‌പ്ലേ അഹമ്മദാബാദിലും മുംബൈയിലും സംഘടിപ്പിച്ച മ്യൂസിക് കൺസെർട്ടുകൾക്ക് രാജ്യത്തെ യുവജനങ്ങളിൽ നിന്നും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് വ്യക്തമാക്കി കൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്ച ഭുവനേശ്വറിലെ ജനതാ മൈതാനിയിൽ നടന്ന ഉത്കർഷ് ഒഡീഷ – മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025-നെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇത്തരം സംഗീത പരിപാടികൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ മുതൽക്കൂട്ടാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പല പാശ്ചാത്യ രാജ്യങ്ങളിലും ‘കൺസെർട്ട് സമ്പദ്‌വ്യവസ്ഥ’ രാജ്യങ്ങൾക്ക് വലിയ മുതൽക്കൂട്ടാവുന്നുണ്ട്. ഇതേ രീതിയിൽ നമ്മുടെ രാജ്യത്തും ഈ മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിന് സംസ്ഥാന സർക്കാരുകളും സ്വകാര്യമേഖലയും അടിസ്ഥാന സൗകര്യങ്ങളിലും വൈദഗ്ധ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഭുവനേശ്വറിലെ ജനതാ മൈതാനിയിൽ പ്രധാനമന്ത്രി മോദി ഉത്കർഷ് ഒഡീഷ – മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്തു. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാർ, ഇന്ത്യയിലും പുറത്തുമുള്ള നിരവധി വ്യവസായ പ്രമുഖർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഒഡീഷയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ആസിയാൻ രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post