ബെംഗളൂരു : ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ എസ്‌സി/എസ്ടി ആക്‌ട് പ്രകാരം കേസെടുത്തു. ബെംഗളൂരുവിലെ സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദേശപ്രകാരം സദാശിവ നഗർ പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിസ് ഗോപാലകൃഷ്ണനെ കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ബൽറാമിനും മറ്റ് 16 പേർക്കുമെതിരെയും ഇതേ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഡി സന്ന ദുർഗപ്പ എന്ന മുൻജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെൻ്റർ ഫോർ സസ്റ്റൈനബിൾ ടെക്‌നോളജീസിലെ പ്രൊഫസറായിരുന്നു ഇദ്ദേഹം. തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ വ്യാജ ഹണി ട്രാപ്പിൽ പെടുത്തുകയും തുടർന്ന് ജാതി അധിക്ഷേപം നടത്തുകയും ചെയ്തു എന്നാണ് ദുർഗപ്പ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.
ഇൻഫോസിസിൻ്റെ സഹസ്ഥാപകനാണ് ക്രിസ് ഗോപാലകൃഷ്ണൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ ബോർഡ് ഓഫ് ട്രസ്റ്റിയിലും അദ്ദേഹം അംഗമാണ്. വ്യാജ ഹണി ട്രാപ്പിൽ കുടുക്കി 2014ൽ തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയതായി പ്രൊഫസർ ഡി സന്ന ദുർഗപ്പ ആരോപിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ജാതീയമായി അധിക്ഷേപിച്ചിരുന്നുവെന്നും ദുർഗപ്പ പരാതിയിൽ സൂചിപ്പിക്കുന്നു.
Discussion about this post