ചെന്നൈ: നൂറാം റോക്കറ്റ് വിക്ഷേപണത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ ശ്രീഹരിക്കോട്ടയിൽ പുരോഗമിക്കുന്നതിനിടെ തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഐഎസ്ആർഒ ചെയർമാനും സംഘവും. ഇസ്രോ ചെയർമാൻ ഡോ.വി നാരായണൻ തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി ദൗത്യത്തിന്റെ വിജയത്തിനായി പ്രാർത്ഥിച്ചു. റോക്കറ്റിന്റെ മാതൃകയും സംഘം ക്ഷേത്രത്തിൽ സമർപ്പിച്ചു.
തങ്ങളുടെ വരാനിരിക്കുന്ന വിക്ഷേപണത്തിനായി ദൈവാനുഗ്രഹം തേടി ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സംഘം പ്രത്യേക പ്രാർത്ഥനയും നടത്തി. ബഹിരാകാശത്തേക്ക് ഭാരമേറിയ റോക്കറ്റുകൾ വിക്ഷേപിക്കാൻ സഹായിക്കുന്ന ഐഎസ്ആർഒയിലെ മൂന്നാമത്തെ ലോഞ്ച് പാഡിന് 400 കോടി രൂപ അനുവദിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചതിൽ ഞാൻ നന്ദിയുള്ളവനാണെന്ന് ഡോ നാരായണൻ പറഞ്ഞു.
അതേസമയം ജിഎസ്എൽവി എഫ് 15 സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽ വിക്ഷേപണത്തിന് തയ്യാറായി നിൽക്കുകയാണ്. നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എൻവിഎസ്-02. നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാനനിർണയ സംവിധാനമാണ് ഇന്ത്യൻ റീജ്യണൽ നാവിഗേഷൻ സിസ്റ്റം. ഇതിന്റെ മറ്റൊരു പേരാണ് നാവിക്. നാളെ രാവിലെ 6.30ടെയാണ് വിക്ഷേപണം. യുആർ സാറ്റലൈറ്റ് സെന്റർ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത എൻവിഎസ്-02 ഉപഗ്രഹത്തിന് ഏകദേശം 2,250 കിലോഗ്രാം ഭാരമുണ്ട്.
Discussion about this post