പ്രമുഖ ബോളിവുഡ് നൃത്ത സംവിധായകൻ റെമോ ഡിസൂസ മഹാകുംഭമേളയിൽ പങ്കെടുത്ത് സംഗമ സ്നാനം നടത്തുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കറുത്ത വസ്ത്രം കൊണ്ട് മുഖവും ശരീരവും മറച്ച് ആളെ തിരിച്ചറിയാത്ത രീതിയിലാണ് ഇദ്ദേഹം സംഗമ സ്നാനത്തിനായി എത്തിയിരുന്നത്. വീഡിയോ പ്രചരിച്ചതോടെ റെമോ ഡിസൂസ വീണ്ടും പഴയ മതത്തിലേക്ക് തിരികെ എത്തിയോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
റെമോ ഡിസൂസ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്തത് കൂടാതെ ശ്രീ കൈലാസാനന്ദ ഗിരിയുടെ ആശ്രമത്തിലെത്തി അദ്ദേഹത്തിൽ നിന്നും അനുഗ്രഹം വാങ്ങുകയും ചെയ്തു. ഭാര്യയും ഡിസൈനറുമായ ഭാര്യ ലിസെല്ലെ ഡിസൂസയും മക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. റെമോ ഡിസൂസക്കെതിരായി വധഭീഷണി ഉണ്ടെന്ന വാർത്തകൾ പുറത്തുവന്ന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഇവർ മഹാകുംഭമേളയിൽ പങ്കെടുത്തിരിക്കുന്നത്.
നൃത്തസംവിധായകൻ, ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായ റെമോ ഡിസൂസയുടെ യഥാർത്ഥ പേര് രമേഷ് ഗോപി നായർ എന്നായിരുന്നു. ബാംഗ്ലൂരിൽ താമസമാക്കിയ പാലക്കാട് സ്വദേശികളുടെ മകനാണ് അദ്ദേഹം. 25 വർഷത്തിലേറെ നീണ്ട തൻ്റെ കരിയറിൽ റെമോ ഡിസൂസ 100-ലധികം സിനിമകൾക്ക് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. മുംബൈയിൽ നിന്നുള്ള ആംഗ്ലോ ഇന്ത്യൻ ആയ ലിസെല്ലയെ വിവാഹം കഴിക്കുന്നതിനു മുൻപായാണ് രമേഷ് ഗോപി നായർ ക്രിസ്തുമതം സ്വീകരിച്ച് റെമോ ഡിസൂസ ആയി മാറിയിരുന്നത്.
Discussion about this post