ലഖ്‌നൗ : ബലാത്സംഗ കേസിൽ കോൺഗ്രസ് എംപി അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നുള്ള കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. ബലാത്സംഗവും ലൈംഗിക ചൂഷണവും ആയി ബന്ധപ്പെട്ട് യുവതി പരാതി നൽകിയതിനെ കുറിച്ച് വാർത്താസമ്മേളനം നടത്തുന്നതിനിടയിലാണ് എംപിയെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിൽ രാകേഷ് റാത്തോഡിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീട്ടിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു റാത്തോഡ്. ഈ സമയത്ത് ഇവിടെയെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
രാകേഷ് റാത്തോഡ് തന്നെ ബലാത്സംഗം ചെയ്യുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി നാലുവർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു എന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ജനുവരി 17ന് യുവതിയുടെ പരാതിയിൽ പൊലീസ് റാത്തോഡിനെതിരെ കേസെടുത്തിരുന്നു. ഇതോടെ രാകേഷ് റാത്തോഡ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post