ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച വ്യക്തിഗത മത്സരങ്ങളിൽ ചിലതിന് ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പര സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും തമ്മിലുള്ള പോരാട്ടം. കഴിഞ്ഞ ഡിസംബറിൽ അഡലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റോടെ 11 വർഷം നീണ്ട ഈ പോരാട്ടം അവസാനിച്ചു, അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെയായിരിന്നു ഇത്.
2013-ൽ ആണ് ഇവർ തമ്മിലുള്ള വ്യക്തിഗത പോരാട്ടം ആരംഭിച്ചത്. രണ്ട് പരമ്പരകളിലായി 355 പന്തുകളിൽ നിന്ന് ഒരു തവണ മാത്രമാണ് അശ്വിൻ സ്മിത്തിനെ പുറത്താക്കിയത്, ആ പരമ്പരയിൽ സ്മിത്ത് 216 റൺസ് നേടുകയും ചെയ്തു. എന്നാൽ അതിനു ശേഷം രവിചന്ദ്രൻ അശ്വിനുണ്ടായ മാറ്റം കണ്ട്, അദ്ദേഹത്തിന് സ്റ്റീവ് സ്മിത്തിനോടുള്ള മനോഭാവം കണ്ട് സ്വന്തം ഭാര്യ വരെ ആശങ്കപ്പെട്ടു പോയി എന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്.
“എന്റെ വീട്ടിൽ വെച്ച് സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗ് എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്ക് ഓർമ്മയില്ല. ടിവിയിൽ അദ്ദേഹത്തിന്റെ കൈകൾ സൂം ഇൻ ചെയ്യുമായിരുന്നു. എന്റെ ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു, കുറച്ച് ദിവസത്തേക്ക് ഞാൻ അവരെ ശരിയായി കണ്ടത് പോലുമില്ല . എന്റെ ഭാര്യ ഇടയ്ക്കിടെ പിന്നിൽ നിന്ന് വന്ന് നോക്കുമായിരുന്നു. നിങ്ങൾക്ക് സ്റ്റീവ് സ്മിത്തുമായി ക്രഷ് ഉണ്ടോ എന്ന് അവൾ ചോദിയ്ക്കാൻ തുടങ്ങി. അവൾക്ക് ആശങ്കയുണ്ടായിരുന്നു,” ബെംഗളൂരുവിൽ നടന്ന AWS AI കോൺക്ലേവ് 2025 ൽ അശ്വിൻ വെളിപ്പെടുത്തി.
എന്നാൽ ഇത് സത്യത്തിൽ പ്രണയമായിരുന്നില്ല, മറിച്ച് സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ വേണ്ടി അശ്വിൻ നടത്തിയ ഗവേഷണത്തിന്റെ ഫലമായിരുന്നു . തുടർന്ന് സ്റ്റീവ് സ്മിത്തിന്റെ കൈകളുടെ പ്രേത്യേക ചലനം അശ്വിൻ കണ്ടെത്തുക തന്നെ ചെയ്തു. തുടർന്നുള്ള 3 സീരീസിൽ വെറും 216 റൺസ് എടുക്കുന്നതിനിടയിൽ ഏഴ് തവണയാണ് ഇന്ത്യയുടെ മാസ്റ്റർ സ്പിന്നർ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയത്.
മഹാന്മാരായ വ്യക്തികൾ എന്ത് കൊണ്ടാണ് അവർ ഇപ്പോഴുള്ള നിലയിൽ എത്തുന്നത് എന്നതിനുള്ള കൃത്യമായ ഉത്തരമാണ് രവി ചന്ദ്രൻ അശ്വിന്റെ ഡെഡിക്കേഷനിലൂടെ കാണാൻ കഴിയുന്നത് എന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം.
Discussion about this post