ഡല്‍ഹി: കാറപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി യമുന അതിവേഗ പാതയില്‍ വച്ചാണ് അപകടമുണ്ടായത്. ഇറാനി സഞ്ചരിച്ചിരുന്ന കാര്‍ വാഹനവ്യൂഹത്തിലെ പൊലീസ് മറ്റൊരു വാഹനത്തിനു പിന്നില്‍ ഇടിയ്ക്കുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചുവെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് ഇറാനി സംഭവസ്ഥലത്തുനിന്ന് മടങ്ങിയത്. താന്‍ സുരക്ഷിതയാണെന്ന് മന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ അറിയിച്ചു. സഹായിച്ച എല്ലാവര്‍ക്കുമുള്ള നന്ദിയും മന്ത്രി രേഖപ്പെടുത്തി. അതേസമയം, ഇറാനിയുടെ കാലിനും കൈയ്ക്കും ചെറിയ പരുക്കുകളേറ്റിട്ടുണ്ടെന്നു അവരുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ആഗ്രയില്‍ നിന്നുള്ള ഡോക്ടര്‍ രമേശാണ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചത്. പിതാവിനേയും സഹോദരിയേയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് എസ്എസ്പി രാകേഷ് സിങ് പറഞ്ഞു. ബിജെപിയുടെ യുവജനവിഭാഗത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മന്ത്രി. വാഹനവ്യൂഹത്തിലെ പൊലീസ് വാഹനം മറ്റൊരു വണ്ടിയില്‍ ഇടിക്കുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിന് വേഗത നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാലാണ് അപകടമുണ്ടായത്.
Discussion about this post