തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയതുകൊണ്ടാണെന്ന് പ്രതി ഹരികുമാറിന്റെ മൊഴി. കൊല്ലണമെന്ന് തോന്നിയപ്പോഴാണ് കൊന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം, ഹരികുമാർ ഇടക്കിടെ മൊഴി മാറ്റുന്നത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
ഹരികുമാറിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. പലപ്പോഴും പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി നൽകുന്നത്. അഞ്ച് വർഷത്തോളമായി മാനസിക പ്രശ്‌നങ്ങൾക്ക് ഹരികുമാർ ചികിത്സയിലാണ്. പ്രതിക്ക് മാനസിക സ്ഥിരതയില്ലാത്തത് കേസന്വേഷണത്തിന് വെല്ലുവിളിയാണെന്നും പോലീസ് വ്യക്തമാക്കി.
പ്രതി ഹരികുമാറും കുഞ്ഞിന്റെ അമ്മ ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നും പോലീസ് പറയുന്നു. ഒരു വീട്ടിൽ കഴിയുമ്പോഴും ഇരിവരും രണ്ട് മുറികളിലിരുന്ന് വീഡിയോ കോൾ ചെയ്തിരുന്നു. ശ്രീതുവുമായുള്ള അടുപ്പത്തിൽ കുട്ടി തടസമാവുമെന്ന് തോന്നിയതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ പോലീസിന് വ്യക്തമായത്. എന്നാൽ, ഇപ്പോഴും കേസിൽ വ്യക്തത വരാനുണ്ടെന്നും പോലീസ് പറയുന്നു.
Discussion about this post