ന്യൂഡൽഹി: ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്‌സ് കമ്പനിയാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ ഇത് പുരോഗതിയുണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സർക്കാരിന്റെ 10,000 കോടി രൂപ ഉപയോഗിച്ച് സ്റ്റാർട്ട് അപ്പുകൾക്കായി ഫണ്ട് രൂപീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സ്ത്രീകൾ, എസ് സി/എസ് ടി, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള നവസംരഭകർക്ക് രണ്ട് കോടി രൂപയുടെ ടേം ലോൺ. ഡിജിറ്റൽ പഠന വിഭവങ്ങൾക്ക് മികച്ച പ്രവേശനം ഉറപ്പാക്കാൻ എല്ലാ സർക്കാർ ഹയർ സെക്കന്ററി സ്‌കൂളുകൾക്കും ബ്രോഡ്ബാന്റ് കണക്ഷൻ ഉറപ്പാക്കും. എഐ വികസനത്തിന് 500 കോടി വകയിരുത്തിയതായും ധനമന്ത്രി വ്യക്തമാക്കി.
കാർഷിക മേഖലയ്ക്കും ഉന്നൽ നൽകിക്കൊണ്ടുള്ളതാണ് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ബജറ്റ്. കാർഷിക ഉത്പാദനക്ഷമതയും വിള വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ടുള്ള പി.എം. ധൻധാന്യ കൃഷി യോജന പദ്ധതി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. നിലവിലുള്ള സ്‌കീമുകളുടെ സംയോജനത്തിലൂടെ 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി 1.7 കോടി തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി.
Discussion about this post