ന്യൂഡൽഹി : 2025 ലെ കേന്ദ്ര ബജറ്റിനെ ‘ഫോഴ്സ് മൾട്ടിപ്ലയർ’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് ജനങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റുമെന്ന് മോദി പറഞ്ഞു. സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, വളർച്ച എന്നിവ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബജറ്റിലെ വ്യവസ്ഥകൾക്ക് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ അടിവരയിട്ടു. ജനകീയ ബജറ്റിന്’ ധനമന്ത്രി നിർമല സീതാരാമനെയും അവരുടെ മുഴുവൻ ടീമിനെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ വർഷത്തെ ബജറ്റ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . നികുതി ഇളവ് മദ്ധ്യവർഗത്തിനും ശമ്പളമുള്ള ജീവനക്കാർക്കും വലിയ നേട്ടം നൽകും. ഈ ബജറ്റിൽ പ്രതിവർഷം 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമാക്കി. എല്ലാ വരുമാന വിഭാഗങ്ങൾക്കും നികുതി കുറച്ചു. ഇത് നമ്മുടെ മധ്യവർഗത്തിന് വളരെയധികം ഗുണം ചെയ്യും. അടുത്തിടെ തൊഴിൽ സേനയിൽ ചേർന്ന ആളുകൾക്ക് ഇത് ഒരു അവസരമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്ന് അടയാളപ്പെടുത്തിയത്. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റാണിത്. ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങൾ നിറവേറ്റുന്ന ബജറ്റാണിത്. യുവാക്കൾക്കായി ഞങ്ങൾ നിരവധി മേഖലകൾ തുറന്നിട്ടുണ്ട് എന്ന് മോദി പറഞ്ഞു.
‘ബജറ്റിൽ എല്ലാ തൊഴിൽ മേഖലകൾക്കും എല്ലാ വിധത്തിലും മുൻഗണന നൽകിയിട്ടുണ്ട്. വരും കാലങ്ങളിൽ വലിയ മാറ്റം കൊണ്ടുവരാൻ ഈ ബജറ്റിന് സാധിക്കും. സാധാരണയായി, സർക്കാർ ഖജനാവ് എങ്ങനെ നിറയ്ക്കുമെന്നതിലാണ് ബജറ്റിന്റെ ശ്രദ്ധ . എന്നാൽ ഈ ബജറ്റ് അതിന് നേർവിപരീതമാണ്. ഈ ബജറ്റ് എങ്ങനെ രാജ്യത്തെ പൗരന്മാരുടെ പോക്കറ്റ് നിറയ്ക്കും, രാജ്യത്തെ പൗരന്മാരുടെ സമ്പാദ്യം എങ്ങനെ വർദ്ധിക്കും, രാജ്യത്തെ പൗരന്മാർ എങ്ങനെ വികസന പങ്കാളികളാകും… ഈ ബജറ്റ് ഇതിന് വളരെ ശക്തമായ അടിത്തറയിടുന്നു, പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.
Discussion about this post