റിയാദ്: രാജ്യത്ത് താമസ, തൊഴില്‍, അതിര്‍ത്തി നിയമ ലംഘനങ്ങള്‍ തടയുന്നതിനായി പരിശോധനകള്‍ വ്യാപകമാക്കി സൗദി. ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ .. ഇതിന്റെ ഫലമായി കഴിഞ്ഞ ആഴ്ച 10,000 പ്രവാസികളെ നാടുകടത്തിയതായി സൗദി അധികൃതര്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയില്‍ 21,000ത്തിലധികം നിയമലംഘകരെ പിടികൂടിയതായും അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 14,000 താമസ നിയമലംഘകരും 4,600 അതിര്‍ത്തി സുരക്ഷ നിയമ ലംഘകരും 3000ത്തിലധികം തൊഴില്‍ നിയമ ലംഘകരും ഉള്‍പ്പെടുന്നു.
സൗദി അറേബ്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 1477 പേരെ പിടികൂടി. ഇവരില്‍ 41 ശതമാനം പേരും യമനില്‍ നിന്നുള്ളവരാണ്. 55 ശതമാനം പേര്‍ എത്യോപ്യയില്‍ നിന്നുള്ളവരും 4 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. കൂടാതെ നിയമ വിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച 90 പേരെയും പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്. മതിയായ രേഖകളില്ലാത്ത പ്രവാസികള്‍ക്ക് അഭയം കൊടുത്തതിനും തൊഴില്‍ നല്‍കിയതുമായി ബന്ധപ്പെട്ട് 18 പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തു.
ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തിര ഹോട്ട്‌ലൈന്‍ നമ്പര്‍ വഴി അറിയിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും അധികൃതര്‍ ആവശ്യപ്പെട്ടു. നിലവില്‍ 34,000 വിദേശ പൗരന്മാരാണ് നാടു കടത്തല്‍ ഉള്‍പ്പടെയുള്ള നിയമ നടപടികള്‍ കാത്തുകിടക്കുന്നത്.
Discussion about this post