ആലപ്പുഴ: ജി.സുധാകരന് എംഎല്‍എ പരസ്യമായി അവഹേളിച്ചെന്നാരോപിച്ച് ബ്രാഞ്ച് സെക്രട്ടറി ഉഷാ സാലി സിപിഎമ്മില്‍ നിന്ന് രാജിവെച്ചു. അമ്പലപ്പുഴ ഏരിയാകമ്മിറ്റിക്ക് കീഴിലെ കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായ ഇവര്‍ വാര്‍ത്താസമ്മേളനം വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചു.
ജില്ലാ കമ്മിറ്റിക്കും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കും പരാതി നല്കി. ആലപ്പുഴയിലെ എല്ലാ കാര്യവും സുധാകരന് തീരുമാനിക്കുന്ന പ്രകാരം മാത്രമേ നടക്കൂ എന്നും പാര്‍ട്ടിയില്‍ നിന്ന് നീതി കിട്ടാത്ത താന്‍ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജി വെക്കുകയാണെന്നും ഉഷാ സാലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച റോഡ് ഉദ്ഘാടന ചടങ്ങിനിടെ ജി സുധാകരന് എംഎല്‍എ തന്നെ പരസ്യമായി അവഹേളിച്ചെന്നാണ് ഉഷാ സാലിയുടെ പരാതി. പാര്‍ട്ടി ഏരിയാ സെക്രട്ടറി അടക്കമുള്ള നേതാക്കളുടെ മുന്നില്‍വച്ച് മൈക്കില്‍ തന്നെ അവഹേളിച്ചിട്ടും ആരും തടയാനുണ്ടായില്ല.
25 വര്‍ഷമായി താന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. മഹിളാ അസോസിയേഷന് നേതാവും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുമായ തന്നെ പരസ്യമായി അധിക്ഷേപിക്കുകയാണ് സുധാകരന് ചെയ്തതെന്നും ഉഷാ സാലി ആരോപിച്ചു. അസഭ്യമായ രീതിയില്‍ ഒരു സ്ത്രീയോട് പൊതുവേദിയില്‍ വച്ച് ഒരു നേതാവ് പെരുമാറിയിട്ടും ആശ്വാസവാക്ക് പറയാന്‍ പോലും ഒരു പാര്ട്ടിയംഗംവും തയാറായില്ലെന്നു ഉഷാ സാലി പറഞ്ഞു.
ജി.സുധാകരന് മന്ത്രിയായിരിക്കെ പേഴ്സണ്‍ സ്റ്റാഫ് അംഗമായിരുന്നു ഉഷ. പാര്‍ട്ടി ശത്രുക്കളുടെ കൂടെ ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് ഉഷാസാലിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് ജി സുധാകരന്റെ പ്രതികരണം. നേരത്തെ സുധാകരന്റെ പേഴ്സണല്‍ സ്റ്റാറഫംഗമായിരിക്കെ ഉഷാസാലി സുധാകരനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു.
Discussion about this post