പത്തനംതിട്ട: അടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം കുടിപ്പിച്ച ശേഷം ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ കുട്ടിയുടെ പിതവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് മകനെ തട്ടിക്കൊണ്ടു പോയതെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
രാത്രി പോയ മകൻ പിന്നീട് ആടി കുഴഞ്ഞാണ് വീട്ടിലെത്തിയത്. ശരീരത്തിൽ മുഴുവീഴുകയും ചെയ്ത മകൻ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് പിതാവ് പറയുന്നു. തുടർന്ന് മകനോട് വിശദമായി ചോദിച്ചപ്പോഴാണ് മർദ്ദനമേറ്റ വിവരം പറഞ്ഞത്. ഉടനെ ആശുപത്രിയിലെത്തിച്ചുവെന്നും പിതാവ് പരാതിയിൽ വ്യക്തമാക്കുന്നു.
മർദ്ദനമേറ്റ കുട്ടിയുടെ സഹോദരൻ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സഹോദരന് മറ്റ് രണ്ട് കുട്ടികളുമായി തർക്കമുണ്ടായിരുന്നു. ഈ തർക്കം പ്രിൻസിപ്പൽ ഇടപെട്ട് പരിഹരിച്ചിരുന്നു. ഈ കുട്ടിയെ തേടിയാണ് സംഘം എത്തിയത്. അവനെ കിട്ടാത്തതിനെ തുടർന്ന് അനുജനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.പ്ലസ് വൺ വിദ്യാർത്ഥിയുടെ എതിരായി നിന്നിരുന്ന വിദ്യാർത്ഥികളുടെ ബന്ധുക്കളായ യുവാക്കളാണ് വീട്ടിലെത്തി മകനെ തട്ടിക്കൊണ്ടുപോയതെന്നാണും പരാതിയിൽ പറയുന്നു.
കുട്ടിയുടെയും അച്ഛൻറെയും വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കു ശേഷമേ ആരാണ് മർദ്ദിച്ചതെന്ന് വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.
Discussion about this post