ബെംഗളൂരു : ഗതാഗതക്കുരുക്കില്‍ കാത്തു കിടന്ന് ഇനി മുഷിയേണ്ട. ഈ അവസ്ഥയ്ക്ക് പരിഹാരമായി എത്തുകയാണ് ഫ്ളയിങ് ടാക്സി സര്‍വീസ്. ബെംഗളൂരു ആസ്ഥാനമായുള്ള ഏരിയല്‍ ഫ്ളയിറ്റ് കമ്പനിയായ സര്‍ല ഏവിയേഷന്‍ ആണ് 2028-ഓടെ നഗരത്തില്‍ ഫ്ളയിങ് ടാക്സി സര്‍വീസ് ആരംഭിക്കാന്‍ സന്നദ്ധതയറിയിച്ചിട്ടുള്ളത്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്‌പോയില്‍ സരല്‍ ഏവിയേഷന്‍ ഇലക്ട്രിക് ഫ്ളയിങ് ടാക്സി അവതരിപ്പിച്ചിരുന്നു.
680 കിലോഗ്രാം ഭാരമുള്ള വാഹനം 20 മുതല്‍ 30 കിലോമീറ്റര്‍വരെയുള്ള യാത്രയ്ക്ക് ഉപയോഗിക്കാനാകും. ഏഴുസീറ്റുകളാകും ഉണ്ടാവുക. ഈ സര്‍വീസ് വിജയകരമായാല്‍ സംസ്ഥാനത്തെ മറ്റുജില്ലകളില്‍നിന്ന് രോഗികളെ ബെംഗളൂരുവിലെ ആശുപത്രികളിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് സൗകര്യവും കമ്പനി ലഭ്യമാക്കും. 2023 ഒക്ടോബറില്‍ ബെംഗളൂരുവില്‍ ആരംഭിച്ച കമ്പനി ബെംഗളൂരുവില്‍ ഫ്ളയിങ് ടാക്സി സര്‍വീസ് ആരംഭിക്കാന്‍ 86 കോടി രൂപ കണക്കാക്കിയിട്ടുണ്ട്.
സര്‍ല ഏവിയേഷനുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബി.ഐ.എ.എല്‍.) ഇലക്ട്രിക് ഫ്ളയിങ് സര്‍വീസ് ആരംഭിക്കാന്‍ ധാരണയിലേര്‍പ്പെട്ടിരുന്നു.
വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് സര്‍വീസ് നടത്താനായിരുന്നു ധാരണ. 19 മിനിറ്റുകൊണ്ട് എത്താനാകും. നിലവില്‍ വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക് സിറ്റിയിലെത്താന്‍ രണ്ടുമണിക്കൂറിലേറെ സമയം ആവശ്യമാണ്. ഫ്ളയിങ് ടാക്സി സര്‍വീസിന് ഹെലിപ്പാഡുകളും മറ്റും ഒരുക്കേണ്ടതുണ്ട്.
Discussion about this post