പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വീണ്ടും കണ്ട നടുക്കത്തിൽ അയൽവാസികൾ. തെളിവെടുപ്പിനായി ബോയൻ കോളനിയിൽ എത്തിയ ചെന്താമരയെ കാണാൻ നിരവധി പേരാണ് തടിച്ച് കൂടിയത്. ജനങ്ങളുടെ ആക്രമണം ഭയന്ന് അതീവ സുരക്ഷയിൽ ആയിരുന്നു പ്രതിയെ സ്ഥലത്ത് എത്തിച്ചത്.
റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ചെന്താമരയെ കോടതി കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെ ഇയാളുമായി പോലീസ് ബോയൻ കോളനിയിൽ എത്തുകയായിരുന്നു. സുധാകരനെ കൊലപ്പെടുത്തിയ സ്ഥലത്തും ചെന്താമരയുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ആയിരുന്നു ഇയാൾ സംഭവങ്ങൾ പോലീസിനോട് വിശദീകരിച്ചത്. മുക്കാൽ മണിക്കൂർ നേരം പോലീസ് ഇയാളുമായി തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ടത് എങ്ങനെ എന്ന് അന്വേഷണ സംഘത്തോട് ചെന്താമര വിശദീകരിച്ചു. ഒളിച്ചിരുന്നത് എങ്ങനെ എന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കി.
നാളെ വൈകീട്ട് വരെയാണ് ചെന്താമരയുടെ കസ്റ്റഡി കാലാവധി. അതിനാൽ അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കി ചെന്താമരയെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.
അതേസമയം തെളിവെടുപ്പിന് എത്തിയ ചെന്താമര കൊലപ്പെടുത്തുമെന്ന തരത്തിൽ ആംഗ്യം കാണിച്ചെന്നാണ് അയൽവാസിയായ പുഷ്പ പറയുന്നത്. അയാളെ കണ്ടപ്പോൾ കയ്യും കാലും വിറച്ചു. അയാൾ എന്നെ ഇന്ന് കൊല്ലും ആയിരുന്നു. അയാൾക്ക് കുറ്റബോധം ഇല്ല. ഇവിടെ താമസിക്കാൻ എനിക്ക് ഭയം ആണ്. മാറിതാമസിക്കാൻ പോകുകയാണ്. എനിക്ക് ഇവിടം മടുത്തു. വെറുത്തു പോയി എന്നും പുഷ്പ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post