ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും ഭൂഗര്‍ഭജല പ്രതിസന്ധി രൂക്ഷമാകുമെന്ന് സൂചനകള്‍. ഇവിടെ ഭൂഗര്‍ഭജല ചൂഷണം ഉയര്‍ന്ന തോതിലാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. വേനല്‍ കടുക്കുന്നതിന് മുന്നേ തന്നെ ബെംഗളൂരു നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭൂഗര്‍ഭജല ചൂഷണം 100 ശതമാനത്തിലേക്ക് എത്തുകയാണ്. കഴിഞ്ഞ വര്‍ഷം നഗര – ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലായി ഭൂഗര്‍ഭജല ഉപയോഗത്തിന്റെ നിരക്ക് 100 ശതമാനം എത്തിയിരുന്നുവെന്നാണ് കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.
നിലവില്‍ കര്‍ണാടകയുടെ മൊത്തത്തിലുള്ള ഭൂഗര്‍ഭജലചൂഷണം 68.4 ശതമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കണക്കുകള്‍ വളരെ ആശങ്കാജനകമാണെന്നും സംസ്ഥാനത്തിന്റെ ഭൂഗര്‍ഭജല ആശ്രയത്വം ക്രമാനുഗതമായി വര്‍ധിക്കുകയാണെന്നും കണക്കുകള്‍ പറയുന്നുണ്ട്. 2023ല്‍ സംസ്ഥാനത്തെ മൊത്തത്തിലുള്ള ഭൂഗര്‍ഭജലചൂഷണം 66.3 ശതമാനമായിരുന്നു. 2024ല്‍ ഈ കണക്കുകളില്‍ മാറ്റം സംഭവിച്ചു.
മഹാദേവപുര, വൈറ്റ്ഫീല്‍ഡ് തുടങ്ങിയ പ്രദേശങ്ങളിലെ ഭൂഗര്‍ഭജലനിരപ്പ് ഗണ്യമായി കുറഞ്ഞേക്കും. ഈ സാഹചര്യത്തില്‍ ബദല്‍ സംവിധാനങ്ങളെ ആശ്രയിക്കാന്‍ ബാംഗ്ലൂര്‍ ജലവിതരണ – മലിനജല ബോര്‍ഡ് (ബിഡബ്ല്യുഎസ്എസ്ബി) നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
110 ഗ്രാമങ്ങള്‍ ഉള്‍പ്പെടെ 80 വാര്‍ഡുകള്‍ ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമത്തിന് സാധ്യതയുള്ളതായി ബിഡബ്ല്യുഎസ്എസ്ബി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതിനാല്‍ തന്നെ ജലത്തിനായുള്ള ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
Discussion about this post