ലഖ്‌നൗ : മല്ലികാർജുൻ ഖാർഗെയും അഖിലേഷ് യാദവും മഹാകുംഭത്തിൽ വലിയ ദുരന്തം ആഗ്രഹിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മല്ലികാർജുൻ ഖാർഗെയുടെ ‘ആയിരം മരണം’ എന്ന പരാമർശം ജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു എന്നും യോഗി കുറ്റപ്പെടുത്തി. ആഗ്രഹിച്ചത് പോലുള്ള ദുരന്തങ്ങൾ സംഭവിക്കാത്തതിലെ നിരാശയാണ് മല്ലികാർജുൻ ഖാർഗെയും അഖിലേഷ് യാദവും കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസും സമാജ്‌വാദി പാർട്ടിയും മഹാകുംഭത്തെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ലോക്‌സഭയിൽ മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർ മരിച്ചതിനെ കുറിച്ച് ഖാർഗെയും യാദവും നടത്തിയ പ്രസ്താവനകൾക്കുള്ള മറുപടിയായാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പരാമർശം. സനാതന ധർമ്മത്തിലെ ഈ മഹത്തായ പരിപാടിക്ക് രാജ്യം മുഴുവൻ സാക്ഷ്യം വഹിക്കുമ്പോൾ ചില സനാതന വിരുദ്ധ ഘടകങ്ങൾ അതിനെതിരെ ഗൂഢാലോചന നടത്തുകയും നുണകൾ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത് എന്നും യോഗി കുറ്റപ്പെടുത്തി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഇന്ന് പാർലമെന്റിൽ നടത്തിയ പ്രസ്താവനകൾ ഈ ദുഷ്ട അജണ്ടയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ്. ആദ്യ ദിവസം മുതൽ തന്നെ അവർ മഹാ കുംഭമേളയ്‌ക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. അവരുടെ സനാതന വിരുദ്ധ നിലപാട് വെളിപ്പെടുത്തുന്നതാണ് അവർ നടത്തുന്ന ഓരോ പ്രസ്താവനകളും. മാത്രമല്ല, അവരുടെ കഴുകനെപ്പോലെയുള്ള കാഴ്ചപ്പാടും ഈ പ്രസ്താവനകൾ തുറന്നുകാട്ടുന്നു എന്നും യോഗി സൂചിപ്പിച്ചു.
Discussion about this post