എറണാകുളം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ ഹൈക്കോടതിയിൽ. വിചാരണ കോടതിയുടെ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ ആയിരുന്നു ഗ്രീഷ്മയ്ക്ക് വിധിച്ചത്. ഗ്രീഷ്മയുടെ ഹർജി ഇന്ന് തന്നെ കോടതി പരിഗണിക്കും.
അതിവേഗം ഹർജി പരണിഗണിക്കണമെന്ന് ഗ്രീഷ്മ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് ഇന്ന് തന്നെ ഹർജി പരിഗണിക്കുന്നത്.
ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഗ്രീഷ്മയ്ക്ക് ജാമ്യമോ പരോളോ ലഭിക്കുകയില്ല. ഹൈക്കോടതി ശിക്ഷ ഇളവ് ചെയ്ത് നൽകുമെന്നാണ് ഗ്രീഷ്മ പ്രതീക്ഷിക്കുന്നത്.
നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ ആണ് ഗ്രീഷ്മ. 11ാം നമ്പർ സെല്ലിലാണ് ഗ്രീഷ്മയെ പാർപ്പിച്ചിട്ടുള്ളത്. ഗ്രീഷ്മയ്‌ക്കൊപ്പം മൂന്ന് പേർ ഈ സെല്ലിലുണ്ട്. മേൽക്കോടതികളിൽ പോയാൽ ഗ്രീഷ്മയ്ക്ക് ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ സാധാരണ തടവുകാരെ പാർപ്പിച്ചിരിക്കുന്ന മുറിയിൽ തന്നെയാണ് ഗ്രീഷ്മയെയും പാർപ്പിച്ചിട്ടുള്ളത്.
ഹൈക്കോടതി ഹർജി തള്ളിയാൽ ഗ്രീഷ്മയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാം. സുപ്രീംകോടതി ശിക്ഷ ശരിവച്ചാൽ ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കാൻ അവസരമുണ്ട്. രാഷ്ട്രപതി ഇത് തള്ളിയാൽ മാത്രമാണ് വധശിക്ഷ നടപ്പാകുകയുള്ളൂ. അപ്പോൾ പ്രതികളെ ഒറ്റപ്പെട്ട സെല്ലുകളിലേക്ക് മാറ്റും.
കഴിഞ്ഞ മാസമാണ് ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ് ഇതെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷ നൽകിയത്. ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരന് മൂന്ന് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു. 2022 ൽ ആയിരുന്നു ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്. ഇരുവരും പ്രണയത്തിൽ ആയിരുന്നു. എന്നാൽ മറ്റൊരു വിവാഹ ആലോചന ശരിയായതോടെ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യം പറഞ്ഞുനോക്കിയെങ്കിലും ബന്ധത്തിൽ നിന്നും ഒഴിവാകില്ലെന്ന നിലപാടിൽ ഷാരോൺ ഉറച്ചുനിന്നു. ഇതോടെ കൊലപ്പെടുത്താൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഇതിനായി പാരസെറ്റമോൾ ഗുളികൾ ജ്യൂസിൽ കലർത്തി നൽകി. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടു. ഇതിന് ശേഷം കഷായത്തിൽ കീടനാശിനി കലർത്തി ഷാരോണിന് നൽകുകയായിരുന്നു.
ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടതിന് പിന്നാലെ ഷാരോൺ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയിലിരിക്കെ ഷാരോണിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. മരിക്കുമെന്ന ഉറപ്പായതോടെയാണ് ഷാരോൺ ഗ്രീഷ്മ കഷായം നൽകിയതായി വെളിപ്പെടുത്തിയത്.
Discussion about this post