ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി വഴി നുഴഞ്ഞുകയറിയ ശത്രുക്കളെ കാലപുരിയ്ക്ക് അയച്ച് ഇന്ത്യൻ സൈന്യം. കശ്മീരിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഏഴ് ഭീകരരെയാണ് ഏറ്റുമുട്ടലിലൂടെ സുരക്ഷാ സേന വധിച്ചത്. ഇതിൽ പാക് പട്ടാളക്കാരും ഉൾപ്പെടുന്നുണ്ടെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.
ഫെബ്രുവരി 4 ന് അർദ്ധരാത്രിയായിരുന്നു സംഭവം. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിലെ നിയന്ത്രണ രേഖ വഴിയായിരുന്നു ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. സംഭവ സമയം ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഇവരുടെ ശ്രദ്ധ നുഴഞ്ഞുകയറുന്നവരിൽ പതിയുകയായിരുന്നു.
ഉടനെ ഇവരെ സുരക്ഷാ സേന വളഞ്ഞു. ഇതോടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
ഇവരിൽ അഞ്ച് പേർ പാക് സ്വദേശികളാണ്. എന്നാൽ ബാക്കി രണ്ട് പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിലുള്ളവർ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാക് സ്വദേശികൾ അൽ ബദാർ എന്ന ഭീകര സംഘടനയിലെ അംഗങ്ങൾ ആണെന്നാണ് വിവരം.
പാകിസ്താൻ കശ്മീർ ഐക്യദാർഢ്യദിനമായി ആചരിക്കുന്ന ദിനമാണ് ഫെബ്രുവരി 5. ഈ ദിനത്തിൽ കശ്മീരിൽ ഭീകരാക്രമണങ്ങൾ നടത്താനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് വിലയിരുത്തുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സുരക്ഷാ സേന വ്യക്തമാക്കുന്നത്.
നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയ സാഹചര്യത്തിൽ സമാന നീക്കങ്ങൾ പാകിസ്താൻ ഇനിയും നടത്തും. അതിനാൽ പഴുതടച്ച സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി ഒന്നിനും അതിർത്തിവഴി പാകിസ്താനിൽ നിന്നും ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചിരുന്നു. പൂഞ്ചിലെ ഖാരി കർമാര മേഖല വഴിയായിരുന്നു ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. അന്ന് രണ്ട് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.
അർദ്ധരാത്രിയിൽ ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്നു സുരക്ഷാ സേന. ഇതിനിടെയായിരുന്നു നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇവർക്ക് നേരെ പ്രത്യാക്രമണം നടത്തുകയായിരുന്നു.
Discussion about this post