ന്യൂഡൽഹി: ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ചൈന മുതൽ ഓസ്‌ട്രേലിയവരെ ഇതിൽ ഉൾപ്പെടുന്നു. പ്രതിവർഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആണ് ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകാറുള്ളത്. കേരളത്തിൽ നിന്നുള്ള നല്ലൊരു വിഭാഗം വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠനത്തിനായി ഏറ്റവും കൂടുതലായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് കാനഡ. നിരവധി പേരാണ് എല്ലാവർഷവും പഠിക്കാനായി കാനഡയിലേക്ക് പോകാറുള്ളത്. പഠനം പൂർത്തിയാക്കി ജോലിയുമായി ഇവിടെ തന്നെ താമസമാക്കുന്നവരും ധാരാളമാണ്. എന്നാൽ ഇത്തരത്തിൽ പഠനത്തിനായി ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് പോയ 20,000 വിദ്യാർത്ഥികളെക്കുറിച്ച് യാതൊരു വിവരവും ആർക്കും ഇല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഈ വിദ്യാർത്ഥികൾ ഒരു കോളേജിലും ചേർന്നതായി അറിവില്ല. യാത്രാ രേഖകൾ പരിശോധിച്ചാൽ ഇവർ കാനഡയിൽ ഉള്ളതായി വ്യക്തമാകുന്നുണ്ട്. എന്നാൽ കാനഡയിൽ എവിടെയാണ് ഇവർ ഉള്ളത് എന്നോ, എന്താണ് ഇവർ ചെയ്യുന്നത് എന്നോ ഇന്നും അജ്ഞാതമാണ്. കാനഡയിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ഏജൻസികളുടെ തട്ടിപ്പിന് ഇരയായവരാണ് ഈ വിദ്യാർത്ഥികൾ.
ബ്രാംപ്റ്റനിലെ പ്രസിദ്ധമായ കോളേജിൽ അഡ്മിഷൻ ശരിയായി എന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് കാനഡയിലേക്ക് വിമാനം കയറിയത് എന്ന് ഹരിയാന പഞ്ചഗുല സ്വദേശിയായ 24 കാരൻ പറയുന്നു. എന്നാൽ ഇവിടെ എത്തിയപ്പോഴാണ് സത്യാവസ്ഥ മനസിലായത്. അറിയിപ്പിലെ അഡ്രസ് തപ്പിപ്പിടിച്ച് ചെന്നപ്പോൾ കാണാൻ കഴിഞ്ഞത് ചെറിയ ഓഫീസ് കെട്ടിടം ആണ്. ക്ലാസുകളിൽ കുട്ടികളെ കൊണ്ട് നിറഞ്ഞുവെന്നും അതിനാൽ കുറച്ച് ദിവസം കാത്തിരിക്കണം എന്നും ആയിരുന്നു ഇവിടെ നിന്നും ലഭിച്ച നിർദ്ദേശം. ഏതാനും ആഴ്ചകൾക്ക് ശേഷമാണ് തട്ടിപ്പിന് ഇരയായതായി വ്യക്തമായത്. 12 ലക്ഷം രൂപ ട്യൂഷൻ ഫീസായി ആവശ്യപ്പെട്ടെങ്കിലും നാല് ലക്ഷം മാത്രമാണ് നൽകിയത്. ബാക്കിയുമായി തിരികെ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നുവെന്നും 24 കാരൻ വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയിൽ സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്യാൻ എളുപ്പമാണെന്നും 24 കാരൻ കൂട്ടിച്ചേർത്തു.
അതേസമയം അമേരിക്കയിലേക്ക് അനധികൃതമായി കടക്കാനുള്ള ഒരു മാർഗ്ഗമായി പലരും കാനഡയെ ഉപയോഗിക്കുന്നുണ്ടെന്നാണ് സ്റ്റുഡന്റ് അസോസിയേഷന്റെ വെളിപ്പെടുത്തൽ. ചിലർ കാനഡയിൽ സ്ഥിരതാമസം ലഭിക്കുന്നതിനായി ആരും അറിയാതെ രഹസ്യമായി ജോലി ചെയ്തുവരികയാണെന്ന് മുൻ ഫെഡറൽ എക്കണോമിസ്റ്റ് ആയ ഹാരി ലോട്ടിൻ വ്യക്തമാക്കുന്നു. കാനഡയിൽ എത്തി യാതൊരു വിവരവും ഇല്ലാതാക്കുന്ന വിദ്യാർത്ഥികളിൽ ഒരു വിഭാഗം ഇവിടെ തന്നെ രഹസ്യമായി ജോലി ചെയ്യുന്നുണ്ടാകും. കഴിഞ്ഞ വർഷം കാനഡയിൽ അഭയം തേടി എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
Discussion about this post