2024ലാണ് സംഭവം, കൊളറാഡോയിലെ ഫ്രാങ്ക്ടൗണില്‍ താമസിക്കുന്ന 40 വയസ്സുകാരനായ ബിസിനസ്സുകാരന്‍ മാക്‌സ് ആംസ്‌ട്രോങിന് ഉണ്ടായത് ദുസ്വപ്‌നങ്ങളെ വെല്ലുന്ന ഒരു അനുഭവമാണ്. ഡിസംബറില്‍ ഒരു ക്യാമ്പിങ് ട്രിപ്പിനിടെ തന്റെ കുറച്ചു സുഹൃത്തുക്കള്‍ക്കായി പാസ്ത ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. എന്നാല്‍ തിരക്കിനിടെ അദ്ദേഹത്തിന്റെ തള്ളവിരല്‍ അല്‍പ്പമൊന്ന് പൊള്ളി.
തള്ളവിരലിലെ പൊള്ളല്‍ നിസ്സാരമാണെന്ന് ആദ്യം തള്ളിക്കളഞ്ഞ മാക്‌സ്, യാത്ര തുടരുന്നതിന് മുമ്പ് അത് വൃത്തിയാക്കി ബാന്‍ഡേജും ചെയ്തു. എന്നാല്‍ അപ്പോഴൊന്നും ഇത് വരാന്‍ പോകുന്ന വലിയ ദുരന്തത്തിന്റെ മുന്നോടിയാകുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. ദിവസങ്ങള്‍ക്കുള്ളില്‍, ഇടതു കാല്‍ വീര്‍ക്കാന്‍ തുടങ്ങി, കാല്‍വിരലിലെ നഖങ്ങള്‍ പര്‍പ്പിള്‍ നിറമായി, ഒപ്പം അദ്ദേഹത്തിന് കടുത്ത വേദന അനുഭവപ്പെടാന്‍ തുടങ്ങി. ആറ് ദിവസത്തിനുശേഷം, അദ്ദേഹത്തിന്റെ നില വഷളായി, സുഹൃത്തുക്കള്‍ അദ്ദേഹത്തെ കൊളറാഡോയിലെ ഒരു ആശുപത്രിയിലേക്ക് എത്തിച്ചു അപ്പോഴേക്കും മാക്‌സ് ബോധരഹിതനായിരുന്നു.
ഇതോടെ തള്ളവിരലിലുണ്ടായ ആ കൊച്ചു പൊള്ളലില്‍ സ്‌ട്രെപ്പ് എ ബാക്ടീരിയ അണുബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു, അത് ജീവന് ഭീഷണിയായ സെപ്സിസായി വികസിച്ചു. അദ്ദേഹത്തെ രക്ഷിക്കുന്നതിനായി അവര്‍ അദ്ദേഹത്തെ വൈദ്യശാസ്ത്രപരമായ കോമയില്‍ ആക്കുകയും വിപുലമായ ചികിത്സയ്ക്കായി ഡെന്‍വറിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
2024 ഡിസംബര്‍ 13 ന് മാക്‌സ് കോമയില്‍ നിന്ന് ഉണര്‍ന്നപ്പോള്‍, അണുബാധമൂലം രണ്ട് കാലുകളും കറുത്തുപോയിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കാലുകള്‍ രക്ഷിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ സംഘം കണ്ടെത്തി, അങ്ങനെ ഡിസംബര്‍ 23 ന്, രണ്ട് കാലുകളും നീക്കം ചെയ്യാന്‍ മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് മാക്‌സിനെ അവര്‍ വിധേയനാക്കി.
ഒരു മാസത്തിലധികം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷം, മാക്‌സിനെ 2025 ജനുവരി 14 ന് ഡിസ്ചാര്‍ജ് ചെയ്തു, ഇപ്പോള്‍ വീല്‍ചെയറിനെ ആശ്രയിച്ചാണ് അദ്ദേഹം ജീവിതം മുന്നോട്ട് നീക്കുന്നത്.









Discussion about this post