ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ)സോഷ്യലിസത്തിലേക്കുള്ള വഴിയെന്ന മുൻനിലപാട് തേച്ചുമായ്ച്ചു കയളയാനുള്ള ശ്രമത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എ ഐ സമ്പത്തിന്റെ വിഭജനത്തിന് കാരണമാകുന്നു. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അപ്പോൾ എ ഐ മൂത്താൽ അത് സോഷ്യലിസത്തിലേക്കുള്ള വളർച്ചയാണ്. ഒരു സംശയവും വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവന. എന്നാൽ ഇത് ചർച്ചയ്ക്ക് കാരണമായതോടെ നിലപാട് തിരുത്തി എഐയ്ക്കിട്ട് എംവി ഗോവിന്ദൻ രണ്ട് കൊട്ട് കൊട്ടി. എ ഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടുമെന്നും ഇത് ചൂഷണത്തിന് വഴിവെക്കുമെന്നും പാർട്ടി സെക്രട്ടറി പ്ലേറ്റ് മാറ്റി. എ ഐ സംവിധാനം ഇപ്പോൾ ലോകത്ത് വ്യാപകമായി ഉപയോഗിച്ചുവരുന്നു. എ ഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്നവയെല്ലാം സ്വകാര്യ സമ്പത്തിന്റെ ഭാഗമാണ്. ചൈന പോലെയുള്ള രാജ്യങ്ങളിൽ ഒരുപരിധി വരെ അത് രാജ്യത്തിന്റെ സമ്പത്തായി മാറും. എന്നാൽ മുതലാളിത്ത സമൂഹത്തിൽ ആ സമ്പത്ത് മുഴുവൻ കുന്നുകൂടി കുത്തകകളുടെ കൈയിൽ എത്തിച്ചേരും. തൊഴിലില്ലായ്മ ഉൾപ്പെടെ വലിയ പ്രശ്‌നങ്ങൾക്ക് അത് കാരണമാകും. മനുഷ്യകുലത്തെ ഒന്നായി മുന്നോട്ടുനയിക്കുന്നതിനെ തടസപ്പെടുത്തുന്ന ഒന്നാണിതെന്ന് വരെ അദ്ദേഹം പറഞ്ഞു കളഞ്ഞു.
ഇപ്പോഴിതാ എഐയെ വീണ്ടും തള്ളിപ്പറഞ്ഞിരിക്കുകയാണ് അദ്ദഹേം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എ ഐ ഉപയോഗത്തോടെ കുത്തക മുതലാളിത്തത്തിന്റെ ലാഭം കൂടും. ഇതോടെ പ്രതിസന്ധി വർധിക്കുമെന്നും വൈരുധ്യം കൂടുമെന്നും ജോലി നഷ്ടപ്പെടുമെന്നും എം വി ഗോവിന്ദൻ അവകാശപ്പെടുന്നു. ചൈന ബഹുദൂരം മുന്നേറുന്നുവെന്നും എം വിഗോവിന്ദൻ പ്രശംസിച്ചു.
നിർമിത ബുദ്ധിയുടെ ഭാഗമായി രൂപപ്പെടുന്ന ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം കോർപ്പറേറ്റുകളുടേയും മുതലാളിമാരുടേയും കയ്യിലെത്തുന്നതോടെ പ്രതിസന്ധികൾ കൂടും.ഇതു വലിയ പോരാട്ടങ്ങളും സമരങ്ങളും ശക്തിപ്പെട്ടുവരാൻ കാരണമാവും. ”എഐ ഉപയോഗിക്കുമ്പോഴുള്ള പ്രശ്നമെന്താണ്? കുത്തകമുതലാളിത്തത്തിന്റെ ലാഭം, മിച്ചമൂല്യവിഹിതം, വലിയ രീതിയിൽ കൂടും. അവർ തന്നെ പറയുന്നതുപോലെ പത്തോ അറുപതോ ശതമാനം ആളുകളുടെ തൊഴിൽ നഷ്ടപ്പെടാൻ ഇടയാകുകയും ചെയ്യും. ഈ സാഹചര്യം ലോകത്തു വളർന്നുവന്നാൽ ഈ ശാസ്ത്രത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന ഉത്പാദനോപാധികളെല്ലാം കോർപ്പറേറ്റുകളുടേയും മുതലാളിമാരുടേയും കയ്യിലായിരിക്കുന്നിടത്തോളം കാലം പ്രതിസന്ധി കൂടുകയാണ് ചെയ്യുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എംവി ഗോവിന്ദന്റെ എഐ വിരോധത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപക ട്രോളുകളാണ് വരുന്നത്. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരാണ് ഇപ്പോൾ എഐയ്‌ക്കെതിരെ കുറ്റവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് ട്രോളുകൾ.
Discussion about this post