ന്യൂഡൽഹി : 2025 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025-2026 സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി റെക്കോർഡ് തുകയാണ് നീക്കി വെച്ചിരിക്കുന്നത് എന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂർണ ദേവി. മുൻ വർഷത്തെ അപേക്ഷിച്ച് ഫണ്ടിൽ 37.25% വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്. മൊത്തം കേന്ദ്ര ബജറ്റിന്റെ 8.86% വനിതാ ക്ഷേമത്തിനായാണ് നീക്കിവെച്ചിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിലെ ബജറ്റ് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമത്തിനായി 4.49 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
26,889 കോടി രൂപയാണ് വനിതാ ശിശുക്ഷേമ സമിതി വിഹിതമായി ബജറ്റിൽ നീക്കി വെച്ചിട്ടുള്ളത്. സ്ത്രീകളോടും കുട്ടികളോടും ഉള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണ് ഈ നടപടിയെന്ന് അന്നപൂർണ ദേവി വ്യക്തമാക്കി.
ഇന്ത്യയിലെ എക്കാലത്തെയും വലിയ ലിംഗ ബജറ്റാണ് 2025-26 കേന്ദ്ര ബജറ്റ്. സ്ത്രീക്ഷേമം, വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സ്ത്രീക്ഷേമത്തിനുള്ള വിഹിതം 4.49 ലക്ഷം കോടി രൂപയായിട്ടാണ് കേന്ദ്രസർക്കാർ ഉയർത്തിയിട്ടുള്ളത്. 2024-25 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിൽ മൊത്തം ബജറ്റിന്റെ 6.8% ആയിരുന്നു സ്ത്രീകളുടെ ക്ഷേമത്തിനായി നീക്കി വെച്ചിരുന്നത്. പുതിയ കേന്ദ്ര ബജറ്റിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനും കുട്ടികളുടെ വികസനത്തിനും ശക്തമായ ഊന്നൽ നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ ബജറ്റിന്റെ 81.79% ലിംഗാധിഷ്ഠിത സംരംഭങ്ങൾക്കായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കും. മാതൃ-ശിശു പോഷകാഹാരം, വനിതാ സംരംഭകത്വം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. രാജ്യത്ത് പോഷകാഹാര കുറവ് പരിഹരിക്കുക എന്നുള്ളതിന് കേന്ദ്രസർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. 2024 അവസാനത്തോടെ ആരംഭിച്ച സുപോഷിത് പഞ്ചായത്ത് പദ്ധതി, അടിസ്ഥാന തലത്തിൽ ആരോഗ്യ-പോഷകാഹാര ഫലങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ്. ഈ പദ്ധതിയിൽ മികച്ച പ്രകടനം നടത്തുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക അംഗീകാരം നൽകും എന്നും മന്ത്രി അറിയിച്ചു.
മൂന്നാം തവണ അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാരിന്റെ മുൻഗണനാ മേഖലയാണ് നാരി ശക്തി.
അംഗൻവാടികളിലെ സേവനങ്ങളുടെ ഗുണനിലവാരം, ഗ്രാമീണ സ്ത്രീകൾക്ക് ആരോഗ്യ സംരക്ഷണം ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി കൂടുതൽ പദ്ധതികളും പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള മുൻകാല സംയോജിത ശിശു വികസന സേവന പദ്ധതിയായ മിഷൻ സാക്ഷം അംഗൻവാടിയും പോഷൻ 2.0 ഉം കൂടുതൽ പ്രോത്സാഹിപ്പിക്കും. സ്വയം സഹായ സംഘങ്ങൾ നയിക്കുന്ന സ്ത്രീകൾക്കായുള്ള ശാക്തീകരണത്തിനും പ്രാധാന്യം നൽകും എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Discussion about this post