ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് കോടതി. മാർച്ച് 24 ന് നേരിട്ട് ഹാജരാകണം എന്നാണ് സമൻസിൽ വ്യക്തമാക്കുന്നത്. ലഖ്‌നൗ എംപി- എംഎൽഎ കോടതിയാണ് രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സൈനികരെ അപമാനിക്കുന്ന പരാമർശം ചൂണ്ടിക്കാട്ടി മുൻ ബിആർഒ (ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ) ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവ ആണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.
2022 ലെ ‘ഭാരത് ജോഡോ യാത്ര’ യ്ക്കിടെ ആണ് രാഹുൽ ഗാന്ധി ഇന്ത്യൻ സൈനികരെ അപമാനിക്കുന്ന പരാമർശം നടത്തിയത്. അരുണാചൽപ്രദേശിൽ ഇന്ത്യൻ സൈനികർ ചൈനീസ് സൈനികരുടെ അടി വാങ്ങിക്കുകയാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്താവന. യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) ചൈനയുടെ പ്രവർത്തനങ്ങളെ കുറിച്ചു നടത്തിയ പ്രസംഗത്തിനിടയിൽ ആയിരുന്നു രാഹുൽ ഗാന്ധി ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചത്. രാഹുലിന്റെ ഈ പ്രസ്താവനക്കെതിരെ ബിജെപി നേതാക്കൾ അന്ന് തന്നെ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി നടത്തിയത് ദേശവിരുദ്ധ പ്രസ്താവന ആണെന്നായിരുന്നു ബിജെപി വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിയും കുടുംബവും ചൈനയിൽ നിന്ന് സാമ്പത്തിക സഹായവും ആതിഥ്യവും സ്വീകരിച്ചതിനെ കുറിച്ചും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.
തന്റെ പ്രസ്താവനകളുടെ പേരിൽ രാഹുൽ ഗാന്ധി നിയമക്കുരുക്കിൽ അകപ്പെടുന്നത് ഇതാദ്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബപ്പേരുമായി ബന്ധപ്പെട്ട പരാമർശത്തിന് 2023 മാർച്ചിൽ ഗുജറാത്ത് കോടതി അദ്ദേഹത്തെ ശിക്ഷിച്ചിരുന്നു. ഈ കേസിൽ, അദ്ദേഹത്തിന് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു, അതിന്റെ പേരിൽ അദ്ദേഹം കുറച്ചു കാലത്തേക്ക് പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു. പിന്നീട് സുപ്രീം കോടതി ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനും രാഹുൽ ഗാന്ധിക്കെതിരെ കേസ് നിലവിലുണ്ട്. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആർഎസ്എസാണെന്ന രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്താവനയെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ നൽകിയ കേസിൽ മഹാരാഷ്ട്രയിലും രാഹുൽ ഗാന്ധിക്കെതിരെ കേസുണ്ട്.
ഇന്ത്യൻ സൈനികരെ രാഹുൽഗാന്ധി അപമാനിച്ചതായി കാണിച്ച് ആർമി കേണൽ റാങ്കിലുള്ള സൈനികോദ്യോഗസ്ഥനാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന ലഖ്‌നൗ എംപി- എംഎൽഎ കോടതിയാണ് കേസ് വാദം കേൾക്കുന്നത്. മാർച്ച് 24 ന് നടക്കുന്ന വാദം കേൾക്കലിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അലോക് വർമ്മയാണ് സമൻസ് അയച്ചിരിക്കുന്നത്.
Discussion about this post