കോഴിക്കോട്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം നീളുന്നു. കേസ് പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റിവച്ചതോടെയാണ് മോചനം വീണ്ടും നീളുന്നത്. എട്ടാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുന്നത്.
റിയാദ് ക്രിമിനൽ കോടതിയിലെ ഡിവിഷൻ ബെഞ്ചിന് മുൻകാകെയാണ് കേസ് ഉള്ളത്. ഗവർണറേറ്റിൽ നിന്നുള്ള നടപടിക്രമങ്ങൾ ചൂണ്ടിക്കാട്ടി ആയിരുന്നു പരിഗണിക്കുന്നത് വീണ്ടും മാറ്റിയത്. കേസിൽ ഗവർണറേറ്റിൽ നിന്നും കോടതി വിശദീകരണം ആരാഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വിശദീകരണം ലഭിച്ച ശേഷം ഇതിൽ തുടർനടപടി ക്രമങ്ങൾ ഉണ്ടാകും. ഇതിന് ശേഷം മാത്രമേ മോചനം സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കുന്നതിലേക്ക് കോടതി കടക്കുക.
അടുത്ത സിറ്റിംഗ് എപ്പോഴാണെന്ന് സംബന്ധിച്ച വിവരം കോടതി ഉടൻ അറിയിക്കും. സൂക്ഷ്മ പരിശോധന ആവശ്യമാണെന്ന് പറഞ്ഞായിരുന്നു നേരത്തെയെല്ലാം കോടതി മോചനം പരിഗണിക്കുന്നത് ദീർഘിപ്പിച്ചത്. കഴിഞ്ഞ രണ്ടിന് അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവാണ് ലഭിക്കാനുള്ളത്. ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ റഹീമിന് ജയിൽ മോചിതനായി നാട്ടിലേക്ക് വരാൻ സാധിക്കുകയുള്ളൂ.
ഇന്ത്യൻ എംബസിയും, റഹീമിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും പ്രതിഭാഗം വക്കീലുമാണ് കേസിന്റെ നടപടിക്രമങ്ങൾ പിന്തുടരുന്നത്. കഴിഞ്ഞ നവംബറിൽ തന്നെ മോചനവുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങേണ്ടതായിരുന്നു. എന്നാൽ വിവിധ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത് കോടതി മാറ്റിവയ്ക്കുകയായിരുന്നു.
കോടതി മോചനത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചാൽ ഇതിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും അയക്കും. ഇതിന് ശേഷം ആഭ്യന്ത്രമന്ത്രാലയത്തിന് കീഴിലുള്ള പാസ്‌പോർട്ട് വിഭാഗം അന്തിമഘട്ട നടപടികൾ പൂർത്തിയാക്കും. ഇതിനായി ചിലപ്പോൾ ഒരാഴ്ച എടുത്തേക്കാം. ഇതെല്ലാം പൂർത്തിയായാൽ റഹീമിന് നാട്ടിലേക്ക് മടങ്ങാം. നിലവിൽ റഹീമിന് നാട്ടിലേക്ക് വരുന്നതിനുള്ള രേഖകൾ എംബസി തയ്യാറാക്കിയിട്ടുണ്ട്.
2006 ഡിസംബറിൽ ആയിരുന്നു റഹീം ജയിലിൽ അടയ്ക്കപ്പെട്ടത്. 18 വർഷമായി ജയിലിലാണ് റഹീമുള്ളത്. ഡ്രൈവർ ജോലിയ്ക്ക് വേണ്ടിയായിരുന്നു റഹീം റിയാദിൽ എത്തിയത്. ഇതിനൊപ്പം ചലനശേഷിയില്ലാത്ത സ്‌പോൺസറുടെ മകനായ അനസിനെയും നോക്കേണ്ട ചുമതല റഹീമിന് ഉണ്ടായിരുന്നു. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.
അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിക്കാൻ കുട്ടി ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം റഹീം നിരസിക്കുകയായിരുന്നു. ഇതോടെ കുട്ടി മുഖത്ത് തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ റഹീമിന്റെ കൈ ജീവൻ രക്ഷാ ഉപകരണത്തിൽ തട്ടുകയായിരുന്നു. ഇതോടെ കുട്ടി മരിച്ചു.
വധശിക്ഷ ഒഴിവാകണമെങ്കിൽ 34 കോടി രൂപ നൽകണം എന്നായിരുന്നു അനസിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് നൽകിയാണ് വധശിക്ഷ ഒഴിവാക്കിയത്.
Discussion about this post