ദിവസവും പല മാധ്യമങ്ങളില്‍ നമ്മള്‍ വിവാഹപരസ്യങ്ങള്‍ കാണാറുണ്ട്. വധുവിനെ മാത്രമല്ല വരനെയും തേടിയുള്ള വിചിത്രമായ ചില പരസ്യങ്ങള്‍ ഇന്നത്തെ കാലത്തും നിരവധി ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അതുപോലെ വ്യത്യസ്തമായ ഒരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലാണ് ഈ പരസ്യം പ്രത്യക്ഷപ്പെട്ടത്.
പെണ്‍കുട്ടിക്ക് ഒരു വരനെ ആവശ്യമുണ്ട് എന്നതാണ് പരസ്യം. പക്ഷെ പരസ്യത്തില്‍ സ്വത്തിന്റെ വിവരങ്ങളാണുള്ളത്. ‘500 കോടിയിലധികം വിപണി മൂല്യമുള്ള മുംബൈ ആസ്ഥാനമായ ബിസിനസ് കുടുംബം, 28 കാരിയായ മകള്‍ക്കായി മാര്‍വാരി/?ഗുജറാത്തി വിഭാഗത്തില്‍പ്പെടുന്ന അനുയോജ്യരായ പുരുഷന്മാരെ തേടുന്നു’ എന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം. ബന്ധപ്പെടാനായി ഒരു നമ്പറും താഴെ കൊടുത്തിട്ടുണ്ട്. സാധാരണ രീതിയില്‍ പെണ്‍കുട്ടിയുടെയോ, ആണ്‍കുട്ടിയുടെയോ ഉയരം, വയസ്, വിദ്യാഭ്യാസം, ജോലി എന്നിവയെല്ലാമാണ് സാധാരണയായി പരസ്യത്തില്‍ ഉണ്ടാകുക. എന്നാല്‍ ഇവിടെ സ്വത്തുവിവരം മാത്രമാണുള്ളത് എന്ന കാര്യമാണ് ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ഒരു കമ്പനിയുടെ ഷെയറുകളുടെ മൊത്തം മൂല്യത്തെയാണ് മാര്‍ക്കറ്റ് ക്യാപ്പ് എന്ന് പറയുക. ഈ പരസ്യം വ്യാജമാണോ അല്ലയോ എന്നുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കാണുമ്പോള്‍ വിശ്വാസ്യയോഗ്യതയുള്ള ഒന്നായി ഈ പരസ്യം തോന്നുന്നില്ല എന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത്രയും പണമുള്ള കുടുംബങ്ങള്‍ ഇത്തരത്തില്‍ പരസ്യം ചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നും, പണമുള്ള മറ്റ് കുടുംബങ്ങളില്‍ നിന്ന് തന്നെ വിവാഹം ചെയ്യുമെന്നുമാണ് ചിലരുടെ അഭിപ്രായം.
‘500 കോടി ആസ്തിയുള്ള കുടുംബം അഞ്ച് രൂപ വിലയുള്ള പത്രത്തില്‍ പരസ്യം കൊടുക്കുമെന്ന് കരുതുന്നില്ലാ’യെന്ന് മറ്റൊരാള്‍ പറഞ്ഞു. ‘ഈ പരസ്യം തട്ടിപ്പാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിജീവി ആകേണ്ടതില്ല, സാമാന്യ ബുദ്ധിമതി’ എന്നായിരുന്നു മറ്റൊരു പ്രതികരണം.
Discussion about this post