ന്യൂഡൽഹി : മതപരമായ വിഷയങ്ങളിൽ വിധി പ്രസ്താവിക്കാനായി നിരീശ്വരവാദി ആകേണ്ട കാര്യമില്ല എന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അടുത്തിടെ ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന ബിബിസി പത്രപ്രവർത്തകൻ സ്റ്റീഫൻ സാക്കൂറുമായുള്ള അഭിമുഖത്തിൽ അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അയോധ്യ വിധിക്ക് മുൻപായി പ്രാർത്ഥിച്ചിരുന്നത് സത്യമാണ്. ജുഡീഷ്യൽ നിഷ്പക്ഷതയ്ക്ക് വേണ്ടി വ്യക്തിപരമായ വിശ്വാസത്തെ തടയേണ്ടതില്ല എന്നും മുൻ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
2019 നവംബർ 9 ന്, അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ആണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം പരിഹരിച്ച വിധിപ്രസ്താവം നടത്തിയത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് വഴിയൊരുക്കിയത് സുപ്രീംകോടതിയുടെ ഈ അന്തിമ വിധിയായിരുന്നു . ചരിത്രപരമായ വിധി പുറപ്പെടുവിച്ച ബെഞ്ചിൽ ഡി വൈ ചന്ദ്രചൂഡും ഉണ്ടായിരുന്നു. 2024 ഒക്ടോബറിൽ, വിരമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, തന്റെ ജന്മനാടായ കാനേർസർ ഗ്രാമത്തിൽ നടന്ന ഒരു സമ്മേളനത്തിൽ വെച്ചാണ് ഡിവൈ ചന്ദ്രചൂഡ് അയോധ്യ കേസിൽ വിധി പ്രസ്താവിക്കുന്നതിനു മുൻപായി ഭഗവാൻ ശ്രീരാമനോട് പ്രാർത്ഥിച്ചിരുന്നതായി വ്യക്തമാക്കിയത്.
തന്റെ ഈ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പ്രചരിപ്പിച്ചതായും ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. താൻ ഒരു പരിപൂർണ്ണ വിശ്വാസിയാണെന്നും പറയാൻ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങൾ ഒരു സ്വതന്ത്ര ജഡ്ജിയാകണമെങ്കിൽ നിരീശ്വരവാദിയാകണമെന്ന് നമ്മുടെ ഭരണഘടന ആവശ്യപ്പെടുന്നില്ല. എന്റെ വിശ്വാസത്തെ ഞാൻ വിലമതിക്കുന്നു. എന്നാൽ എന്റെ വിശ്വാസം എന്നെ പഠിപ്പിക്കുന്നത് മതത്തിന്റെ സാർവത്രികതയാണ്. കോടതിയിൽ ഒരു വ്യവഹാരിയായി ആര് വന്നാലും, നിങ്ങൾ തുല്യവും സമതുലിതവുമായ നീതി നടപ്പിലാക്കണമെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ കുടുംബവാഴ്ച നിലനിൽക്കുന്നുണ്ടോ എന്നും ബിബിസി മാധ്യമപ്രവർത്തകൻ ഡി വൈ ചന്ദ്രചൂഡിനോട് ചോദ്യമുന്നയിച്ചിരുന്നു.
ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് 1978 മുതൽ 1985 വരെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നു എന്നുള്ളതായിരുന്നു ഈ ചോദ്യത്തിന് ആധാരം. എന്നാൽ ഇന്ത്യയിൽ അങ്ങനെ ഒരു വ്യവസ്ഥിതി ഇല്ലെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി. തന്റെ പിതാവ് ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് താൻ കോടതിയിൽ പോലും പ്രവർത്തിക്കരുത് എന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ കാരണം കൊണ്ട് താൻ നിയമ ബിരുദം നേടിയതിനു ശേഷം മൂന്ന് വർഷം ഹാർവാർഡ് ലോ സ്കൂളിൽ പഠനം നടത്തിയതായും അദ്ദേഹം അറിയിച്ചു. പിതാവ് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ചതിന് ശേഷമാണ് താൻ ആദ്യമായി ഒരു കോടതിയിൽ പ്രവേശിച്ചത്. ഇന്ത്യൻ ജുഡീഷ്യറിയുടെ മൊത്തത്തിലുള്ള പ്രൊഫൈൽ നോക്കുകയാണെങ്കിൽ, മിക്ക അഭിഭാഷകരും ജഡ്ജിമാരും നിയമരംഗത്തേക്ക് ആദ്യമായി പ്രവേശിക്കുന്നവരാണ് എന്നും ചന്ദ്രചൂഡ് പറഞ്ഞു.
Discussion about this post