പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശന വേളയിൽ അദ്ദേഹത്തെ കാണാനായി ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക് എത്തിയത് കുടുംബത്തെയും കൂട്ടിയായിരുന്നു. മസ്കിന്റെ പങ്കാളിയും കുട്ടികളും പ്രധാനമന്ത്രി മോദിയെ കാണാനായി എത്തിയിരുന്നു. ഇലോൺ മസ്കിന്റെ കുട്ടികളും പ്രധാനമന്ത്രി മോദിയും ചേർന്ന് പങ്കുവെച്ച രസകരമായ നിമിഷങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. എന്നാൽ അതിനേക്കാൾ കൂടുതൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ചർച്ച ചെയ്യപ്പെടുന്നത് മസ്കിന്റെ പങ്കാളിയും മുൻ ടെസ്ല ഡയറക്ടറും നിലവിലെ ന്യൂറലിങ്ക് ഡയറക്ടറുമായ ഷിവോൺ സിലിസിനെ കുറിച്ചാണ്.
ടെസ്ല മേധാവി ഇലോൺ മസ്കിന്റെ പങ്കാളിയും അദ്ദേഹത്തിന്റെ മൂന്ന് കുട്ടികളുടെ അമ്മയുമാണ് ഷിവോൺ സിലിസ്. 2017 നും 2019 നും ഇടയിൽ ടെസ്‌ലയിൽ പ്രോജക്ട് ഡയറക്ടറായി ജോലി ചെയ്തിരുന്ന സിലിസ്, നിലവിൽ ന്യൂറലിങ്കിൽ ഓപ്പറേഷൻസ്, സ്പെഷ്യൽ പ്രോജക്ടുകൾ എന്നിവയുടെ ഡയറക്ടറായി പ്രവർത്തിക്കുന്നു. സാം ആൾട്ട്മാന്റെ ഓപ്പൺഎഐയുടെ ഉപദേഷ്ടാവായും അവർ പ്രവർത്തിച്ചിട്ടുണ്ട്. കനേഡിയൻ സ്വദേശി ആണെങ്കിലും ഇന്ത്യയുമായി വളരെ അടുത്ത ഒരു ബന്ധവും ഷിവോൺ സിലിസിനുണ്ട്.
ഷിവോൺ സിലിസിന്റെ പിതാവ് റിച്ചാർഡ് സിലിസ് കനേഡിയൻ ആണ്. എന്നാൽ ഷിവോണിന്റെ അമ്മ ശാർദ ഇന്ത്യക്കാരിയാണ്. ഒരു പഞ്ചാബി ഹിന്ദു ആണ് ഇലോൺ മസ്കിന്റെ പങ്കാളിയുടെ അമ്മ. 1986 ഫെബ്രുവരി 8 ന് കാനഡയിലെ ഒന്റാറിയോയിലെ മാർഖാമിൽ ആണ് ഷിവോൺ സിലിസ് ജനിച്ചത്. മാർഖാമിലെ യൂണിയൻവില്ലെ ഹൈസ്കൂളിൽ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും തത്ത്വചിന്തയിലും ബിരുദം നേടി . യേലിന്റെ ഐസ് ഹോക്കി ടീമിൽ ഗോൾടെൻഡറായും സിലിസ് ശ്രദ്ധ നേടിയിട്ടുണ്ട്.
ന്യൂയോർക്കിലെ ഐബിഎമ്മിലൂടെ ആണ് ഷിവോൺ സിലിസ് തന്റെ കരിയർ ആരംഭിക്കുന്നത്. 2012 മുതൽ 2018 വരെ ബ്ലൂംബെർഗ് ബീറ്റയുടെ സ്ഥാപക നിക്ഷേപകരിൽ ഒരാളും പങ്കാളിയുമായിരുന്നു സിലിസ്. 2015-ൽ, ഫോബ്‌സ് മാസികയുടെ 30 വയസ്സിന് താഴെയുള്ള വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളുടെ പട്ടികയിൽ സിലിസ് ഇടം നേടി. തുടർന്നായിരുന്നു ഷിവോൺ സിലിസ് ടെസ്‌ലയിൽ എത്തിയത്. 2017 മുതൽ 2019 വരെ, ടെസ്‌ല, ഇൻകോർപ്പറേറ്റഡിന്റെ ഓട്ടോപൈലറ്റ് ഉൽപ്പന്നത്തിന്റെയും ചിപ്പ് ഡിസൈൻ ടീമിന്റെയും പ്രോജക്ട് ഡയറക്ടറായി സിലിസ് പ്രവർത്തിച്ചു. ന്യൂറലിങ്കിൽ ഓപ്പറേഷൻസ് ആൻഡ് സ്പെഷ്യൽ പ്രോജക്ടുകളുടെ ഡയറക്ടറായി പ്രവർത്തിക്കുകയാണ് ഷിവോൺ സിലിസ്.
ഓപ്പൺ എഐയിൽ പ്രവർത്തിച്ചിരുന്ന കാലം മുതലായിരുന്നു സിലിസും ഇലോൺ മസ്കും തമ്മിൽ അടുപ്പത്തിലാവുന്നത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരുവരും പങ്കാളികളായി തുടരുകയാണ്. 2021 നവംബറിൽ സിലിസിനും എലോൺ മസ്കിനും ഇരട്ടക്കുട്ടികൾ ജനിച്ചു. ഐവിഎഫ് ചികിത്സയിലൂടെ ആയിരുന്നു ഈ കുട്ടികളുടെ ജനനം. 2024 ജൂണിൽ മസ്കിനും സിലിസിനും മൂന്നാമത്തെ കുഞ്ഞും ജനിച്ചു. ഈ മൂന്ന് കുഞ്ഞുങ്ങളോടും ഒപ്പം ആയിരുന്നു കഴിഞ്ഞദിവസം ഇലോൺ മസ്കും ഷിവോൺ സിലിസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായി എത്തിയിരുന്നത്.
Discussion about this post