ഇസ്ലാമാബാദ്: അടുത്തകാലത്തായി പാകിസ്താനിലെ ഭീകരർക്ക് കണ്ടകശനിയാണ്. നിരവധി ഭീകരരാണ് അജ്ഞാതരുടെ ആക്രമണത്തിൽ ഇതിനോടകം തന്നെ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെല്ലാം ഭീകര നേതാക്കൾ ആണ് എന്നതാണ് ശ്രദ്ധേയം. ആക്രമണം ഭയന്ന് പല ഭീകരരും അജ്ഞാത വാസത്തിലാണെന്ന സൂചന ആണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ നൽകുന്നത്.
ഇന്ത്യയും അമേരിക്കയും ഉൾപ്പെടെ കൊടുംഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഭീകരനാണ് ലഷ്‌കർ ഇ ത്വയ്ബയുടെ നേതാവ് ഹാഫിസ് സയീദ് ആണ്. ഹാഫിസ് സയീദിന്റെ ഭാര്യയുടെ സഹോദരനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് പുതിയ വിവരം. ലഷ്‌കർ ഇ ത്വയ്ബയുടെ രാഷ്ട്രീയ വിഭാഗം തലവനും ഭീകരനും ആയ മൗലാന കാഷിഫ് അലിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പാകിസ്താനിലെ ഖൈബർ പക്തുൻക്വയിൽ വച്ചാണ് കാഷിഫ് അലിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സ്വാബിയിലെ വീട്ടിലായിരുന്നു കാഷിഫ് സംഭവ സമയം ഉണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന അജ്ഞാതർ വീട്ടിൽ കയറി കാഷിഫിന് നേരെ ആക്രമണം നടത്തുകയായിരുന്നു. വെടിയുതിർത്ത ഉടൻ തന്നെ ഇവർ അവിടെ നിന്നും കടന്നുകളയുകയും ചെയ്തു.
അവിടെയെത്തിയ കൂട്ടാളികൾ ആണ് വെടിയേറ്റ നിലയിൽ കാഷിഫിനെ കണ്ടത്. തുടർന്ന് ചികിത്സ നൽകിയെങ്കിലും ഇയാൾ മരിക്കുകയായിരുന്നു. ഓട്ടോമാറ്റിക് റൈഫിൾസ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.
കഴിഞ്ഞ ഒരു മാസത്തിനിടെ കാഷിഫ് ഉൾപ്പെടെ മൂന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ രണ്ട് പേർ റോഡപകടത്തിൽ ആയിരുന്നു മരിച്ചത്. ഇവരുടെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടാക്കിയവർ ഇപ്പോഴും അജ്ഞാതരായി തുടരുകയാണ്.
പാകിസ്താൻ മർക്കസി മുസ്ലീം ലീഗ് എന്നാണ് ലഷ്‌കർ ഇ ത്വയ്ബയുടെ രാഷ്ട്രീയ സംഘടനയുടെ പേര്. കഴിഞ്ഞ വർഷം ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ ഹാഫിസ് സയീദ് ആയിരുന്നു ഇത് രൂപീകരിച്ചത്. ഇതിന്റെ നേതൃത്വം മുഴുവൻ കാഷിഫിന് ആയിരുന്നു. കാഷിഫിന്റെ കൊലപാതകം ലഷ്‌കർ ഭീകരരെ അൽപ്പം ഞെട്ടിച്ചിട്ടുണ്ട്.
2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതിയാണ് ഹാഫിസ് സയീദ്. നിലവിൽ പാകിസ്താന്റെ സംരക്ഷണയിലാണ് ഇയാൾ ഉള്ളത്.
Discussion about this post