ഇന്ത്യന്‍ മാതളനാരങ്ങകള്‍ (Pomegranate/Anar) ചരിത്രത്തിലാദ്യമായി കപ്പലില്‍ ഓസ്‌ട്രേലിയയിലെത്തി. നേരത്തേ വിമാനമാര്‍ഗേണയുള്ള കയറ്റുമതിയായിരുന്നു ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയക്കാരില്‍ നിന്ന് വന്‍ ഡിമാന്‍ഡ് ലഭിച്ചതിനാല്‍ കപ്പലുവഴിയുമാക്കിയത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ അളവില്‍ കയറ്റുമതി ചെയ്തു സാമ്പത്തികലാഭം നേടാമെന്നതാണ് ചരക്കുനീക്കം കടല്‍വഴിയാക്കുന്നതിന്റെ നേട്ടം.
വ്യോമ ചരക്കുനീക്കത്തേക്കാള്‍ ചെലവ് കുറയ്ക്കുന്നതിനൊപ്പം ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വിപണി പ്രവേശനം വിപുലീകരിക്കുന്നതിനായുള്ള ഒരു നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഡിമാന്‍ഡ് വിലയിരുത്തുന്നതിനായി 2024 ജൂലൈയില്‍ ആദ്യത്തെ വ്യോമ കയറ്റുമതി നടന്നു. ഇത് കൂടുതല്‍ ചെലവാണെന്നുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് കടല്‍ വഴിയുള്ള ചരക്ക് നീക്കമെന്ന തീരുമാനത്തിലെത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി മേഖല വന്‍ വേഗതയില്‍ വളരുകയാണ്, ഇതോടെ പുതിയ പഴങ്ങളുടെ കയറ്റുമതി വര്‍ഷം തോറും 29 ശതമാനം വര്‍ധിക്കുന്നു. മാതളനാരങ്ങ മാത്രം 20 ശതമാനം വളര്‍ച്ച കൈവരിച്ചു, ഇത് ഈ വിഭാഗത്തിന്റെ അപാരമായ സാധ്യത തെളിയിക്കുന്നു’, എപിഇഡിഎ ചെയര്‍മാന്‍ അഭിഷേക് ദേവ് പറഞ്ഞു.
‘അനാര്‍നെറ്റ് പോലുള്ള നൂതനമായ ട്രേസബിലിറ്റി സംവിധാനങ്ങളിലൂടെ, ഇന്ത്യന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന ആഗോള നിലവാരം പാലിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു, ഇത് ലോകമെമ്പാടുമുള്ള ഉപഭോക്ത്യ വിശ്വാസം വര്‍ധിപ്പിക്കുന്നു’ ദേവ് കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിലെ ഷോലാപുര്‍ മേഖലയില്‍ നിന്നുള്ള സാംഗോല (Sangola) ഇനവുമായി ആദ്യ കപ്പല്‍ പുറപ്പെട്ടത് ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന്. 5.7 മെട്രിക് ടണ്‍ മാതളനാരങ്ങകളുമായി ജനുവരി 13ന് കപ്പല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെത്തി. 3 കിലോ വീതമുള്ള 1,900 ബോക്‌സുകളാണ് കപ്പലിലുണ്ടായിരുന്നത്. ഭഗ്‌വ (Bhagwa) ഇനത്തിന്റെ 1,872 ബോക്‌സുകളുമായി രണ്ടാമത്തെ കപ്പല്‍ ജനുവരി ആറിന് ബ്രിസ്‌ബേനിലുമെത്തി. സിഡ്‌നി, ബ്രിസ്‌ബേന്‍, മെല്‍ബണ്‍ നഗരങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കൂടുതല്‍ ഓര്‍ഡറുകളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Discussion about this post