ന്യൂയോർക്ക്: ഇ- മെയിൽ ഉപയോക്താക്കളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ അക്കൗണ്ട് ഉടമകൾ ജാഗ്രത പാലിക്കണം എന്ന് സൈബർ സുരക്ഷാ വിദഗ്ധർ അറിയിച്ചു. സംഭവത്തിൽ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അജ്ഞാത ലിങ്കുകൾ തുറക്കുകയോ, സംശയാസ്പദമായ നമ്പറുകളിൽ നിന്നും വരുന്ന ഫോൺ കോളുകൾ എടുക്കുകയോ ചെയ്യരുത് എന്നാണ് സൈബർ സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്. ഗൂഗിളിന് സമാനമായ ലിങ്കുകളും ഇ- മെയിൽ സന്ദേശങ്ങളും നിങ്ങളുടെ ഫോണിലേക്ക് വന്നേക്കാം. എന്നാൽ ഇതിൽ ക്ലിക്ക് ചെയ്യരുത്. ഈ ലിങ്കുകൾ തുറന്നാൽ നിങ്ങളുടെ ഇ- മെയിൽ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാക്കർമാരിലേക്ക് എത്താൻ ഇടയാക്കും. തുടർന്ന് ജി മെയിൽ അക്കൗണ്ടിന്റെ നിയന്ത്രണം ഉപയോക്താക്കൾക്ക് നഷ്ടമാകും.
ചിലപ്പോൾ ഇവർ ഫോണിൽ ആയിരിക്കും നിങ്ങളുമായി ബന്ധപ്പെടുക. ഇ- മെയിൽ അക്കൗണ്ടിൽ സാങ്കേതിക തകരാർ ഉണ്ടെന്നും ഇത് പരിഹരിക്കാൻ നമ്പറിലേക്ക് അയച്ച റിക്കവറി കോഡ് പറഞ്ഞ് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടേക്കാം. പിന്നീട് ഇവർ പറയുന്നത് പോലെയുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനും നിർദ്ദേശം നൽകും. ഇതെല്ലാം പൂർത്തിയാകുമ്പോഴേയ്ക്കും നമ്മുടെ അക്കൗണ്ട് പൂർണമായി ഹാക്കർമാരുടെ കൈവശം ആയിരിക്കും.
അക്കൗണ്ട് മാത്രമല്ല, ഇതുവഴി ഇ മെയിലുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാം ഹാക്കർമാരുടെ നിയന്ത്രണത്തിൽ ആകും. മൊബൈലിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഇവർ വലിയ തലവേന ആയിരിക്കും നിങ്ങൾക്ക് സൃഷ്ടിക്കുക. ഇതിന് പുറമേ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് കനത്ത സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിച്ചേക്കാം. അതിനാൽ ജാഗ്രത പാലിക്കണം എന്നാണ് സൈബർ സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശം.
സൈബർ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് ഗൗരവത്തോടെ കാണണം എന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും വ്യക്തമാക്കുന്നു. ചെറിയൊരു അശ്രദ്ധപോലും കനത്ത നഷ്ടം ആയിരിക്കും ഉണ്ടാക്കുക. അതിനാൽ ജാഗ്രത പാലിക്കണമെന്നും എഫ്ബിഐ വ്യക്തമാക്കുന്നു.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഹാക്കർമാർ ഇ മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് എന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ മാൽവെയർബൈറ്റ്‌സ് പറയുന്നു. വളരെ കുറഞ്ഞ വിലയുള്ള എഐ ടൂളുകൾ ആണ് ഇവരുടെ പക്കൽ ഉള്ളത്. ഇത്തരം എഐ ടൂളുകൾ ഉപയോഗിച്ച് ഉപഭോക്താവിന്റെ ഡീപ്പ്‌ഫേയ്ക്ക് വീഡിയോകൾ നിമിഷ നേരം കൊണ്ട് നിർമ്മിക്കാൻ ഇവർക്ക് കഴിയും. ഇതുപയോഗിച്ച് ഉപഭോക്താവിനെ കുടുക്കാൻ ഇവർക്ക് കഴിയും. ഇതിന് പുറമേ ഇത്തരം ടൂളുകൾ റോബോ കോളുകൾ, ഇ- മെയിലുകൾ എന്നിവയ്ക്കായി പ്രയോജനപ്പെടുത്താമെന്നും റിപ്പോർട്ടിൽ ഉണ്ട്.
അതേസമയം പുതിയ മുന്നറിയിപ്പ് ഉപഭോക്താക്കളെ അൽപ്പം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ലോകത്ത് 1.8 ബില്യൺ ജി- മെയിൽ ഉപഭോക്താക്കളാണ് ഉള്ളത്.
Discussion about this post