ന്യൂഡൽഹി: കയ്യിൽ കൈക്കുഞ്ഞുമായി പട്രോളിംഗ് നടത്തുന്ന ആർപിഎഫ് ഓഫീസറുടെ വീഡിയോ വൈറൽ. ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. കോൺസ്റ്റബിളായ റീന എന്ന യുവതിയുടെ വീഡിയോ ആർപിഎഫ് തന്നെയാണ് എക്‌സിലൂടെ പങ്കുവച്ചത്.
നെഞ്ചോട് ചേർത്ത് തന്റെ കുഞ്ഞിനെ കെട്ടി വച്ച് കയ്യിൽ ബാറ്റണുമായി റെയിൽ വേ സ്‌റ്റേഷനിൽ യാത്രക്കാരെ നയിക്കുന്നത് വീഡിയോയിൽ കാണാം. ‘അവൾ സേവനം ചെയ്യുന്നു, അവൾ വളർത്തുന്നു, അവൾ ഇതെല്ലാം ഒരുമിച്ച് ചെയ്യുന്നു. ഒരു അമ്മ, പോരാളി, തലയുയർത്തി നിൽക്കുകയാണ്. 16BN/RPSF ലെ കോൺസ്റ്റബിൾ റീന തന്റെ കുഞ്ഞിനെയും കയ്യിലേന്തി കൊണ്ട് തന്നെ തന്റെ കർത്തവ്യം ചെയ്യുന്നു. തങ്ങളുടെ ജോലിക്കൊപ്പം മാതൃത്വമെന്ന കടമയെയും ഒരുപോലെ ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോവുന്ന എണ്ണിയാലൊടുങ്ങാത്ത അമ്മമാരുടെ പ്രതിനിധിയാണ് റീനയും’- ആർപിഎഫ് എക്‌സിൽ കുറിച്ചു.
2014 മുതലാണ് റീന റെയിൽവേയുടെ പ്രൊട്ടക്ഷൻ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. മകനെ വളർത്തുന്നതിനൊപ്പം തന്റെ പ്രൊഫഷണൽ ചുമതലകളും ഒരുപോലെ അവർ മുന്നോട്ട് കൊണ്ടുപോവുന്നു. സിആർപിഎഫ് കോൺസ്റ്റബിളായ ഭർത്താവ് ജമ്മു കശ്മീരിലാണ് നിയമിതനായിരിക്കുന്നത്. സഹായത്തിന് കുടുംബാഗങ്ങൾ ഇല്ലാത്തതിനാൽ മകനെ ജോലിക്ക് കൊണ്ടുവരികയല്ലാതെ അവർക്ക് മറ്റ് മാർഗമില്ല. ‘ഇത് എനിക്ക് സാധാരണയായ ഒരു കാര്യമാണ്. കുഞ്ഞിന് അപകടമൊന്നുമില്ലെന്ന് താൻ എപ്പോഴും ഉറപ്പാക്കുന്നുവെന്നും റീന പറഞ്ഞു.
ശ്രീമതി റീനയുടെ ജോലി സമയം വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി വരെയാണ്. പലപ്പോഴും ആനന്ദ് വിഹാർ, നിസാമുദ്ദീൻ തുടങ്ങിയ വിവിധ സ്റ്റേഷനുകളിലാണ് അവരുടെ ഡ്യൂട്ടി. ഒരു വയസ്സുള്ള കുഞ്ഞിനെ പരിപാലിക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഡാലിയ കഞ്ഞി, പാൽ, പുതപ്പ്, ഡയപ്പറുകൾ എന്നിവ അവർ കൊണ്ടുപോകാറുണ്ട്.
Discussion about this post