ന്യൂഡൽഹി: ആകാശം പലപ്പോഴും മനുഷ്യർക്കായി വിസ്മയക്കാഴ്ച്ചകളൊരുക്കാറുണ്ട്. അതിലൊന്നാണ് പ്ലാനറ്ററി പരേഡ്. സൗരയൂഥത്തിലെ ഗ്രഹങ്ങളെ നിരനിരയായി കാണാൻ കഴിയുന്ന അപൂർവമായ അവസരം. കഴിഞ്ഞ മാസം ആരംഭിച്ച പ്ലാനറ്ററി പരേഡ് അതിന്റെ സമാപനത്തിലേക്ക് അടുക്കുകയാണ്.
ഫെബ്രുവരി 28ന് രാത്രി വളരെ കുറച്ച് നേരത്തേക്ക് മാത്രം, സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെയും ഒരുമിച്ച് നിരയായി കാണാം. ജനുവരി 21നും 29നും ഇടയിൽ ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂൺ എന്നിവയെ രാത്രി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, ഇത് അവസാനമായി ആയിരിക്കും ബുധൻ ഉൾപ്പെടെയുള്ള ഏഴ് ഗ്രഹങ്ങളും വിന്യസിക്കുന്നത്. ഇനി ഇത്തരമൊരു കാഴ്ച്ച കാണണമെങ്കിൽ, ശാസ്ത്രലോകം 2040 വരെ കാത്തിരിക്കേണ്ടി വരും.
സൂര്യന്റെ ഒരു വശത്ത് ഒരേ സമയം ഗ്രഹങ്ങൾ ഒരുമിച്ച് വരുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസമാണ് ഇത്. മൂന്ന് മുതൽ എട്ട് വരെയുള്ള ഗ്രഹങ്ങൾ ഒരുമിച്ച് വരുമ്പോൾ അതിനെ ഗ്രഹ വിന്യാസം എന്ന് വിളിക്കുന്നു. അഞ്ചോ ആറോ ഗ്രഹങ്ങൾ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതിനെ ഒരു വലിയ ഗ്രഹവിന്യാസം എന്ന് വിളിക്കുന്നു. അഞ്ച് ഗ്രഹങ്ങളുടെ വിന്യാസങ്ങൾ ഇടക്കിടെ സംഭവിക്കുന്നതാണ്. എന്നാൽ, മറ്റ് ഗ്രഹവിന്യാസങ്ങളേക്കാൾ, ഏഴ് ഗ്രഹങ്ങളുടെ വിന്യാസങ്ങൾ ഏറ്റവും അപൂർവമാണ്.
ചിത്രങ്ങളിൽ കാണുന്നത് പോലെ ഒരേ നിരയിലല്ല സത്യത്തിൽ ഗ്രഹങ്ങൾ ഉണ്ടാകുക. ത്രിമാനമായ ബഹിരാകാശത്ത് വ്യത്യസ്ത ഭ്രമണപഥങ്ങളിലാണ് ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നത്. അതിനാൽ തന്നെ, അവ ഒരു നേർരേഖയിൽ ഒത്തുചേരുന്നത് മിക്കവാറും അസാധ്യമാണ്.
Discussion about this post