കാഠ്മണ്ഡു: നേപ്പാളിൽ ടൂറിസം പരിപാടിയിൽ വച്ച് ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ. 41കാരനായ കമലേഷ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. ‘വിസിറ്റ് പൊഖാറ ഇയർ 2025’ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ, ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പൊഖാറ മെട്രോപൊളിറ്റൻ സിറ്റി മേയർ ധനരാജ് ആചാര്യക്കും പരിക്കേറ്റിട്ടുണ്ട്.
ബലൂൺ പൊട്ടിത്തെറിച്ചതിന് ഉത്തരവാദി കമലേഷ് കുമാറാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ഫെബ്രുവരി 15നാണ് സംഭവം. ഉദ്ഘാടനചടങ്ങിന്റെ ഭാഗമായി ഇലക്ട്രിക് സ്വിച്ച് വഴി മെഴുകുതിരികൾ കത്തിച്ചതിന് തൊട്ടുപിന്നാലെ, ബലൂണുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. മെഴുകുതിരിയിൽ നിന്നും തീപടർന്നാണ് ബലൂൺ പൊട്ടിത്തെറിച്ചത്.
കമലേഷ് കുമാറിനെതിരെ കാസ്‌കി ജില്ലാ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബസന്ത ശർമ്മ പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ബലൂണുകൾ വലിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുന്നതും സമീപത്ത് നിന്നിരുന്ന ആളുകൾക്ക് പരിക്കേൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ബിഷ്ണു പൗഡലിന്റെയും ധനരാജ് ആചാര്യയുടെയും കൈകൾക്കും മുഖത്തും പരിക്കേറ്റു. കാഠ്മണ്ഡുവിലെ കീർത്തിപൂർ ബേൺ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. ധനരാജ് ആചാര്യ കുറച്ചു ദിവസം കൂടി മെഡിക്കൽ മേൽനോട്ടത്തിൽ തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക് അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.












Discussion about this post