വാഷിംഗ്ടൺ; ഇന്ത്യയിൽ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടികൾക്ക് അമേരിക്ക ഇതുവരെ നൽകിവന്ന 21 മില്യണിന്റെ ധനസഹായം റദ്ദാക്കിയതിലുള്ള ഊഹാപോഹങ്ങളെ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ 21 മില്യൺ ഡോളർ നമ്മൾ ചെലവഴിക്കേണ്ടതുണ്ടോ? മറ്റാരെയോ തിരഞ്ഞെടുക്കാൻ വേണ്ടിയാണ് അവർ (ബൈഡൻ ഭരണകൂടം) ശ്രമം നടത്തിയതെന്നാണ് എനിക്ക് തോന്നുന്നത്. ഇക്കാര്യം ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്’- എന്നാണ് ട്രംപ് പ്രതികരിച്ചത്.
ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന ഡോജിന്റെ (ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) നിർദേശപ്രകാരമായിരുന്നു റദ്ദാക്കൽ നടപടി. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്താണ് ഗ്രാന്റ് ആരംഭിച്ചത്.ഇന്ത്യയുടെ സാമ്പത്തികനിലയും വ്യാപാരനയങ്ങളും കണക്കിലെടുത്താൽ ഇത്തരത്തിലുള്ള ഒരു ഫണ്ട് ആവശ്യമില്ലെന്നിരിക്കെ പിന്നെ എന്തിനാണ് ഫണ്ട് നൽകിയതെന്ന് ചൊവ്വാഴ്ചയും ട്രംപ് ചോദിച്ചിരുന്നു.ഇന്ത്യക്ക് എന്തിന് 21 മില്യൺ ഡോളർ നൽകണം. അവർക്ക് ആവശ്യത്തിന് പണമുണ്ട്. ലോകത്ത് ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയോടും പ്രധാനമന്ത്രിയോടും ബഹുമാനമുണ്ട്. പക്ഷേ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇത്രയും പണം നൽകുന്നത് എന്തിനാണ് എന്ന് നേരത്തെ ട്രംപ് ചോദിച്ചിരുന്നു.
അതേസമയം അമേരിക്കൻ സാമ്പത്തിക സഹായം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നടന്ന വിദേശ ഇടപെടലിന്റെ തെളിവാണെന്ന് ബിജെപി ആരോപിച്ചു.കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായ ചില ശക്തികൾക്ക് ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള എല്ലാ അവസരങ്ങളും നൽകിയെന്നാണ് ബിജെപി ആരോപിച്ചത്. ഇതിനെല്ലാം പിന്നിൽ ജോർജ് സോറോസ് ആണെന്നും ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ ആരോപിച്ചിരുന്നു.
Discussion about this post