ന്യൂഡൽഹി: ജമ്മു കശ്മീരിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ സമാധാനം ഉറപ്പുവരുത്താൻ ഇന്ത്യയും പാകിസ്താനും തമ്മിൽ സൈനിക തല ചർച്ച. ബ്രിഗേഡ് കമാൻഡർ തല ചർച്ചയായിരുന്നു പ്രശ്‌ന പരിഹാരത്തിനായി ഇരു രാജ്യങ്ങളും നടത്തിയത്. പഞ്ച് ജില്ലയിലെ യഥാർത്ഥ രേഖയുടെ വിവിധ സെക്ടറുകളിൽ അടുത്തിടെ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് യഥാർത്ഥ നിയന്ത്രണ രേഖയിൽ സംഘർഷ സമാനമായ സാഹചര്യം ആരംഭിച്ചത്.
വെള്ളിയാഴ്ച രാവിലെ ആയിരുന്നു ചർച്ച. പൂഞ്ച് ജില്ലയിലെ ചക്കാൻ ദാ ബാഗ് ക്രോസിംഗ് പോയിന്റിൽ ആയിരുന്നു സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം നേരം ചർച്ച നീണ്ടു. നിലവിലെ വെടിനിർത്തൽ കരാറിലെ ധാരണകൾ കൃത്യമായി പാലിക്കുന്നതിൽ പ്രതിബദ്ധത പുലർത്തുന്നതിനെക്കുറിച്ച് ആയിരുന്നു ഇരു വിഭാഗങ്ങളും ചർച്ച നടത്തിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലായി 24 മണിക്കൂറിനിടെ ഇന്ത്യയുടെ സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ട് രണ്ട് തവണ പാകിസ്താൻ സൈന്യം വെടിയുതിർത്തിരുന്നു. ഇതോടെ ആയിരുന്നു അടിയന്തിരമായി ഇരു രാജ്യങ്ങളും ചർച്ച നടത്തിയത്. കരാർ ലംഘനം തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ 2020 ൽ ആയിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിൽ പുതിയ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചത്. എന്നാൽ ഇതിന് പിന്നാലെയും പാകിസ്താൻ പ്രകോപനം സൃഷ്ടിച്ചു. ഈ മാസം 16 ന് ആയിരുന്നു പാകിസ്താൻ കരാർ ലംഘിച്ച് അതിശക്തമായ ആക്രമണം നടത്തിയത്. എന്നാൽ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ഇതിൽ ആൾനാശം ഉൾപ്പെടെ പാകിസ്താന്റെ ഭാഗത്ത് ഉണ്ടായി എന്നാണ് വിവരം.
Leave a Comment