തിരുവനന്തപുരം: ബാലയ്‌ക്കെതിരെ പരാതി നൽകിയതിന് പിന്നാലെ ഉണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഗായികയും നടന്റെ മുൻഭാര്യയുമായ അമൃത സുരേഷ്. രേഖകളിൽ കൃത്രിമം കാണിച്ചതിനാണ് താൻ പരാതി നൽകിയത് എന്നും, അല്ലാതെ പണം നേടിയെടുക്കാൻ അല്ലെന്നും അമൃത പറഞ്ഞു. സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണം എന്ന് അപേക്ഷിച്ചുകൊണ്ട് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലാണ് അമൃത ഇക്കാര്യം വ്യക്തമാക്കിയത്.
ഇൻഷുറൻസ് തുക ഞാൻ ചോദിച്ചിട്ടില്ല, ഈ കേസ് ഡോക്യുമെന്റ് ഫോർജറി ( വ്യാജ രേഖകൾ) & എന്റെ വ്യാജ ഒപ്പിട്ട് കോടതി രേഖകളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചതിനെ തുടർന്നുണ്ടായതാണ്. പണം വേണമെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. കാര്യങ്ങളെ പിആർ വർക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരെയുള്ള ഈ സൈബർ ആക്രമണം നിർത്തുക. – അമൃത ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് അമൃത സുരേഷ് ബാലയ്‌ക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഡിവോഴ്‌സിനിടെ കോംപ്രമൈസുമായി ബന്ധപ്പെട്ട രേഖകളിൽ തന്റെ വ്യാജ ഒപ്പ് ഇട്ടെന്നും, മകളുടെ പേരിലുള്ള ഇൻഷൂറൻസ് തുക ബാല തട്ടിയെടുത്തെന്നും ആയിരുന്നു അമൃതയുടെ പരാതി. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളോടും അമൃത ഇതേക്കുറിച്ച് സംസാരിച്ചു. ഈ പരാതിയിൽ പോലീസ് കേസ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അമൃതയ്‌ക്കെതിരെ സൈബർ ആക്രമണം ഉണ്ടായത്. അച്ഛനെ വേണ്ടാത്ത മകൾക്ക് അച്ഛന്റെ പണം എന്തിനാണ് എന്ന തരത്തിൽ ആയിരുന്നു അമൃതയ്ക്ക് നേരെ ഉയർന്ന വിമർശനം.
Discussion about this post