‘നിയമം എല്ലാവര്‍ക്കും ഒരു പോലെ’; പരിശോധനയ്ക്കെത്തിയ എംവിഡിയ്ക്ക് ‘പിഴയിട്ട്’ യുവാവ്

Published by
Brave India Desk

 

എംവിഡി ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ അവരുടെ ഔദ്യോഗിക വാഹനത്തിന് പിഴ അടപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ റോഡിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തിനാണ് റോഡില്‍ തടഞ്ഞുനിര്‍ത്തി ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ പിഴ അടപ്പിച്ചത്. കഴിഞ്ഞ ദിവസം കൊല്ലം ഓയൂര്‍ ജങ്ഷനിലാണ് സംഭവം.

വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരെ കണ്ട സമീപത്തെ കടയിലെ ജീവനക്കാരനായ അല്‍ത്താഫ് പരിവാഹന്‍ സൈറ്റില്‍ കയറി സര്‍ക്കാര്‍ വാഹനത്തിന് പൊലൂഷ്യന്‍ സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. അതിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്ന് മനസിലാക്കിയ യുവാവ് നേരെ വാഹനത്തിന് അടുത്തെത്തി ഉദ്യോഗസ്ഥരോട് പിഴ അടയ്ക്കാന്‍ പറയുകയായിരുന്നു.

ജനുവരിയില്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും യുവാവ് പറയുന്നത് വീഡിയോയില്‍ കാണാം.

നിങ്ങളുടെ വാഹനത്തിന് പൊലൂഷ്യന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടെ എന്ന ചോദ്യത്തിന് വേണം എന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നുണ്ട്. തങ്ങള്‍ സര്‍ട്ടിഫിക്കറ്റ് എടുത്തോളാം എന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പോകാന്‍ ശ്രമിച്ചു. എന്നാല്‍ പിഴ അടച്ചിട്ട് പോയാല്‍ മതി എന്ന് യുവാവ് പറഞ്ഞു. ഇതോടെ സൗമ്യമായി പെരുമാറിയ ഉദ്യോഗസ്ഥര്‍ ഒടുവില്‍ എം.വി.ഡി വാഹനത്തിനും പിഴയിടുകയായിരുന്നു. 2000 രൂപ പിഴയിട്ടത് യുവാവിനെ കാണിക്കുന്നതും വീഡിയോയില്‍ കാണാം.

പിന്നീട് ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ അപ്ലോഡ് ചെയ്ത് പിഴ ഒഴിവാക്കുകയും ചെയ്തു. നിലവില്‍ ഈ വാഹനത്തിന് 2026 ഫെബ്രുവരി 20 വരെ പുക പരിശോധന സര്‍ട്ടിഫിക്കറ്റാണുള്ളത്. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചാല്‍ പിഴ വരുന്ന തിയ്യതി മുതല്‍ ഏഴ് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താല്‍ പിഴ ഒഴിവാക്കി നല്‍കണമെന്നാണ് നിയമം.

 

Share
Leave a Comment