ന്യൂഡൽഹി: പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 19-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിതരണം ചെയ്യും. രാജ്യത്തെ 9.8 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 22,000 കോടി രൂപയാണ് കേന്ദ്രസർക്കാർ വിതരണം ചെയ്യുക. പദ്ധതിയുടെ ഗുണഭോക്താവായ കർഷകന് 2,000 രൂപ അക്കൗണ്ടിൽ എത്തും.
ബിഹാറിലെ ഭാഗൽപുരിൽ നടക്കുന്ന പരിപാടിയിൽ വെച്ചാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 19-ാം ഗഡുവിന്റെ വിതരണോദ്ഘാടനം നിർവഹിക്കുക. പദ്ധതിയുടെ 18-ാം ഗഡു 9.6 കോടി കർഷകർക്കായിരുന്നു ലഭിച്ചിരുന്നത്. ഇക്കുറി ഗുണഭോക്താക്കളുടെ എണ്ണം 9.8 കോടിയായി വർധിച്ചുവെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. ഇതുവരെ 3.46 ലക്ഷം കോടി രൂപയാണ് പിഎം കിസാൻ സമ്മാൻ നിധി വഴി കേന്ദ്രസർക്കാർ വിതരണം ചെയ്തിരിക്കുന്നത്. 19-ാം ഗഡു വിതരണത്തോടെ ഇത് 3.68 ലക്ഷമായി ഉയരും. അതേസമയം കേരളത്തിൽ മാത്രം 28.16 ലക്ഷം ഗുണഭോക്താക്കളാണ് ഉള്ളത്.
2018 ഡിസംബറിൽ ആണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. ഇടനിലക്കാരില്ലാതെ കമ്മീഷനില്ലാതെ തുക കർഷകർക്ക് നേരിട്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറുന്നതാണ് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി. നാല് മാസം കൂടുമ്പോൾ 2000 രൂപ വീതവും പ്രതിവർഷം 6000 രൂപ കർഷകന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന.
പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക എങ്ങനെ പരിശോധിക്കാം
*ആദ്യം പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://pmkisan.gov.in ലേക്ക് പോകുക .
* ഇതിന് ശേഷം ഫാർമേഴ്സ് കോർണർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
*ഇപ്പോൾ ഒരു പുതിയ പേജ് തുറക്കും, ഇവിടെ ഗുണഭോക്തൃ ലിസ്റ്റ് തിരഞ്ഞെടുക്കുക.
*നിങ്ങളുടെ സംസ്ഥാനം, ജില്ല, ബ്ലോക്ക്, വില്ലേജ് വിവരങ്ങൾ നൽകുക. ഒപ്പം റിപ്പോർട്ട് നേടുക എന്നതിൽ ക്ലിക്ക് ചെയ്യുക.
പ്രധാനമന്ത്രി കിസാന്റെ പട്ടിക തുറക്കും. നിങ്ങളുടെ പേരുണ്ടെങ്കിൽ പദ്ധതിയുടെ പ്രയോജനം ലഭിക്കും
Leave a Comment