ട്രെയിനിന് പച്ചക്കൊടി കാണിക്കാൻ നിൽക്കുന്നതും, പ്ലാറ്റ് ഫോമിലും വനിതാ ഉദ്യോഗസ്ഥർ : കേരളത്തിന്റെ സ്ത്രീ മുന്നേറ്റമെന്ന് പി.കെ ശ്രീമതി

Published by
Brave India Desk

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ മുന്നേറ്റം ഏറെ അഭിമാനകരമാണെന്ന് മുൻ മന്ത്രി പി.കെ ശ്രീമതി. റെയിൽവേ ജീവനക്കാരയ സ്ത്രീകളെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ശ്രീമതിയുടെ പരാമർശം. ജീവനക്കാരുടെ ചിത്രങ്ങൾ പങ്കുവച്ച് ഫേസ്ബുക്കിലൂടെ ആയിരുന്നു ശ്രീമതി ഇതേക്കുറിച്ച് പറഞ്ഞത്.

അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി റസ്സലിന് അന്തിമോപചാരം അർപ്പിക്കാനായുള്ള യാത്രയ്ക്കിടെയായിരുന്നു റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സ്ത്രീകളെ ശ്രീമതി ശ്രദ്ധിച്ചത്. രാജ്യറാണി എസ്‌ക്പ്രസിൽ ആയിരുന്നു ശ്രീമതിയുടെ യാത്ര. ഈ ട്രെയിനിൽ ഗാർഡ് റൂമിൽ നിന്നും പച്ചവെളിച്ചം കാണിച്ചത് ജീവനക്കാരിയായ യുവതി ആയിരുന്നു. ഇതിന് പുറമേ പ്ലാറ്റ് ഫോമിൽ തിരക്ക് നിയന്ത്രിക്കാൻ നിന്നിരുന്നതും വനിതാ ഗാർഡ് ആയിരുന്നു. ഇത് കേരളത്തിലെ വനിതാ മുന്നേറ്റം ആണെന്നായിരുന്നു ശ്രീമതിയുടെ വിലയിരുത്തൽ. ഇതിന് പിന്നാലെ ചിത്രം സഹിതം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു.

ഇന്നലെ രാത്രി അവസാനമായി ഞങ്ങളുടെ പ്രിയ സഖാവ് സ. റസ്സലിനെ ഒന്ന് കാണാനും അമ്മ , ഭാര്യ, മകൾ എന്നിവരെ ആശ്വസിപ്പിക്കാനും വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ആദരാഞ്ജലികൾ അർപ്പിച്ചു. മൂന്ന് മണിക്കൂറോളം അവരോടൊന്നിച്ച് നിന്നതിനുശേഷം കണ്ണൂരിലേക്ക് തന്നെ തിരിച്ച് പുറപ്പെട്ടു.

രാജ്യറാണി എക്‌സ്പ്രസ് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കണ്ണൂർ എക്‌സ്പ്രസിന് പോകാനായി പ്ലാറ്റ് ഫോമിൽ ഇരിക്കയായിരുന്നു .പെട്ടെന്നാണ് ഒരു ദൃശ്യം എൻറെ ശ്രദ്ധ പിടിച്ചു പറ്റിയത് .’രാജ്യറാണിയെ ‘നിയന്ത്രിക്കാൻ , ഗാർഡ് റൂമിൽ നിന്ന് ട്രെയിനിന് പച്ചക്കൊടി (ഇപ്പോൾ പച്ച ലൈറ്റ്)കാണിക്കാൻ നിൽക്കുന്നത് വൈറ്റ് യൂനിഫോമിൽ വനിത .പ്ലാറ്റ് ഫോമിൽ ആളുകളെ നിയന്ത്രിക്കാൻ പോലീസിന്റെ ഡ്യൂട്ടിയിലും ഒരു വനിത .കേരളത്തിന്റെ സ്ത്രീമുന്നേറ്റം .അഭിമാനകരം .- ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീമതിയ്‌ക്കെതിരെ വ്യാപക പരിഹാസം ആണ് ഉയരുന്നത്. റെയിൽവേ എന്നത് കേന്ദ്രസർക്കാരിന് കീഴിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ നിയമനങ്ങൾ നടത്തുന്നതും സർക്കാരാണ്. ഇത് വിസ്മരിച്ചുകൊണ്ടാണ് റെയിൽവേ രംഗത്തെ സ്ത്രീ പ്രാതിനിധ്യം കേരളത്തിന്റെ നേട്ടമായി ശ്രീമതി ഉയർത്തിക്കാട്ടുന്നത്. ഇതാണ് പരിഹാസത്തിന് വഴിവച്ചതും.

റെയിൽവേ എപ്പോഴാണ് പിഎസ്‌സി ഏറ്റെടുത്തത് എന്നാണ് ആളുകൾ ചോദിക്കുന്നത്. റെയിൽവേ ജീവനക്കാരെ നിയമിക്കുന്നതും ശമ്പളം കൊടുക്കുന്നതും പിണറായി സർക്കാർ അല്ലെന്നത് ഓർമ്മ വേണം എന്നും ആളുകൾ പറയുന്നു. കേരളത്തിന്റേത് അല്ല, ഇന്ത്യയുടെ സ്ത്രീ മുന്നേറ്റം ആണ് ഈ കാണുന്നത് എന്നും ശ്രീമതിയെ ആളുകൾ ഓർമ്മിപ്പിക്കുന്നുണ്ട്.

Share
Leave a Comment

Recent News