പ്രതിവർഷം വലിയ അളവിൽ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിക്കുന്ന ഒരു പ്രധാന ആഗോള വ്യാവസായിക പ്രവർത്തനമാണ് നിർമ്മാണം.നിർമ്മാണ മേഖലയുടെ പാരിസ്ഥിതിക ആഘാതവും അസംസ്‌കൃത നിർമ്മാണ സാമഗ്രികൾക്കായുള്ള ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയും കാരണം, വ്യവസായം പുതിയതും കൂടുതൽ സുസ്ഥിരവുമായ വസ്തുക്കൾക്കായുള്ള അന്വേഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് ഭക്ഷണാവശിഷ്ടങ്ങളെ എങ്ങനെ ഇതിനായി ഉപയോഗിക്കാം എന്ന ആലോചനകളും പഠനങ്ങളും ഉണ്ടാവുന്നത്. കണക്കുകൾ പ്രകാരം, അമേരിക്കയിൽ മാത്രം, ഭക്ഷ്യ മാലിന്യങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതക ഉദ്വമനം നാൽപ്പതിലധികം കൽക്കരി ഊർജ്ജ നിലയങ്ങൾക്ക് തുല്യമാണ്. കൂടാതെ, ഭക്ഷ്യ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് വിശാലമായ ഭൂമി ആവശ്യമാണ്, കൂടാതെ ഈ പാരിസ്ഥിതിക പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് 50 ദശലക്ഷത്തിലധികം വീടുകൾക്ക് വൈദ്യുതി നൽകാൻ ആവശ്യമായ ഊർജ്ജവും വെള്ളവും ഉപയോഗിക്കുന്നു. അപ്പോൾ ഈ കണ്ട ഭക്ഷണാവശിഷ്ടങ്ങൾ നിർമ്മാണ പ്രവർത്തനത്തിനുള്ള അസംസ്‌കൃതവസ്തുവായി ഉപയോഗിച്ചാൽ പകുതി പ്രശ്‌നത്തിന് പരിഹാരമായി.
ഇപ്പോഴിതാ അതിന് സാധുത കൽപ്പിക്കുന്ന ഒരു പഠനം കൂടി പുറത്ത് വരികയാണ്. കോൺക്രീറ്റ് മിശ്രിതത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ ചേർക്കുന്നത് നിർമ്മാണത്തിൽ കൂടുതൽ ബലം കൂട്ടുമെന്നാണ് പഠനം. ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യിലെ ഗവേഷകരാണ് പുതിയ രീതി കണ്ടെത്തിയത്.
ഭക്ഷണ മാലിന്യങ്ങൾ ചീഞ്ഞഴുകുമ്പോൾ, അത് കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. ബാക്ടീരിയയും ഭക്ഷണ മാലിന്യവും കോൺക്രീറ്റിൽ കലർന്നാൽ, കാർബൺ ഡൈ ഓക്സൈഡ് കോൺക്രീറ്റിലെ കാൽസ്യം അയോണുകളുമായി പ്രതിപ്രവർത്തിച്ച് കാൽസ്യം കാർബണേറ്റ് ക്രിസ്റ്റലുകൾ രൂപപ്പെടും. ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകൾ കോൺക്രീറ്റിലെ ദ്വാരങ്ങളും വിള്ളലുകളും നിറയ്ക്കുകയും ഭാരത്തിൽ കാര്യമായ മാറ്റം വരുത്താതെ തന്നെ കോൺക്രീറ്റ് ദൃഢമാക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണ സംഘത്തിലെ പ്രൊഫസർ സന്ദീപ് ചൗധരി പറഞ്ഞു.
രോഗകാരിയല്ലാത്ത ബാക്ടീരിയകൾ (ഇ.കോളിയുടെ ഒരു വകഭേദം) ചീഞ്ഞ പഴങ്ങളുടെ പൾപ്പ്, അവയുടെ തൊലികൾ പോലുള്ള ഭക്ഷണ മാലിന്യങ്ങളിൽ കലർത്തി കോൺക്രീറ്റിൽ കലർത്തി. ഇത് കോൺക്രീറ്റിന്റെ ശക്തി ഇരട്ടിയാക്കി.ഗവേഷണത്തിൽ ഞങ്ങൾ ഗാർഹിക ഭക്ഷണ അവശിഷ്ടങ്ങൾ (കോളിഫ്ലവർ തണ്ട്, ഉരുളക്കിഴങ്ങ് തൊലി, ഉലുവ തണ്ട്, ഓറഞ്ച് തൊലി), കേടായ പഴ അവശിഷ്ടങ്ങൾ (ചീഞ്ഞ പപ്പായ പൾപ്പ്) എന്നിവയിൽ ഇതിനായി ഉപയോഗിച്ചതായും സന്ദീപ് ചൗധരി പറഞ്ഞു
Leave a Comment