ഇന്ത്യയിലെ ഉദ്യോഗാർത്ഥികൾ ഏറെ നാളായി കാത്തിരുന്ന പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ പിഎം ഇന്റേൺഷിപ്പ് സ്കീം 2025ന് ഇപ്പോൾ തുടക്കമായിരിക്കുകയാണ്. മാർച്ച് 12 വരെയാണ് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയുക. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച 500 കമ്പനികളിൽ നിങ്ങൾക്ക് ജോലി പരിചയം നേടാനുള്ള സുവർണാവസരമാണിത്. പഠനശേഷമുള്ള നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും തൊഴിൽ പരിചയം മെച്ചപ്പെടുത്താനും കഴിയുന്ന ഇതുപോലൊരു പദ്ധതി മുൻപ് ഉണ്ടായിട്ടേയില്ല. അതുകൊണ്ടുതന്നെ ഈ സുവർണാവസരം കാര്യക്ഷമമായി വിനിയോഗിക്കാം.
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോലും അപേക്ഷിക്കാൻ കഴിയും എന്നുള്ളതാണ് പ്രധാനമന്ത്രിയുടെ ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. 10, 12 ക്ലാസ് പാസായവരോ ബിരുദധാരികളോ , ഐടിഐ അല്ലെങ്കിൽ മറ്റ് സാങ്കേതിക ഡിപ്ലോമകൾ എന്നീ യോഗ്യതകൾ ഉള്ളവരോ ആയ 21 നും 24 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീമിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നവരുടെ മുൻഗണനകളും കമ്പനികൾ നിർദ്ദേശിക്കുന്ന ആവശ്യകതകളും യോഗ്യതകളും അടിസ്ഥാനമാക്കിയായിരിക്കും ഇന്റേൺഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുക. ഓൺലൈൻ അല്ലെങ്കിൽ വിദൂര പഠന പ്രോഗ്രാമുകൾ വഴി ബിരുദമോ ഡിപ്ലോമകളോ നേടിയിട്ടുള്ളവർ ആണെങ്കിൽ പോലും അപേക്ഷ സമർപ്പിക്കാൻ കഴിയുന്നതാണ്.
പിഎം ഇന്റേൺഷിപ്പ് സ്കീമിൽ അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ ഇപ്രകാരമാണ്,
അപേക്ഷകരുടെ കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടരുത്. അപേക്ഷകർ വിവാഹിതരാണെങ്കിൽ പങ്കാളിയുടെ വരുമാനവും ഇതിൽ ബാധകം ആയിരിക്കും. നിലവിൽ ഒരു മുഴുവൻ സമയ ജോലി ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല. നിലവിൽ മുഴുവൻ സമയ വിദ്യാർത്ഥികൾ ആയിട്ടുള്ളവർക്കും അപേക്ഷിക്കാൻ കഴിയില്ല. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2025 മാർച്ച് 12 ആണ്. ഈ തീയതിക്ക് മുമ്പ് 21 വയസ്സിനും 24 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്ക് ആയിരിക്കും ഇന്റേൺഷിപ്പ് കാലാവധി ഉണ്ടായിരിക്കുക. മികച്ച കമ്പനികളിൽ നിന്നുള്ള പ്രൊഫഷണൽ അനുഭവം സ്വന്തമാക്കുന്നതിനോടൊപ്പം ചെറിയൊരു വരുമാനവും ഉദ്യോഗാർത്ഥികൾക്ക് നേടാൻ കഴിയുന്നതാണ്. 12 മാസങ്ങൾ പ്രതിമാസ സ്റ്റൈപ്പന്റോട് കൂടിയാണ് ഇന്റേൺഷിപ്പ് ഉണ്ടായിരിക്കുക. 12 മാസത്തെ ഇന്റേൺഷിപ്പിന്റെ മുഴുവൻ കാലയളവിലും ഓരോ ഇന്റേണിനും പ്രതിമാസം 5,000 രൂപയാണ് സ്റ്റൈപൻഡ് ലഭിക്കുക. ഇത് കൂടാതെ ഒരു ഒറ്റ തവണ ഗ്രാൻഡും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതായിരിക്കും.
പിഎം ഇന്റേൺഷിപ്പ് സ്കീമിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക്
6,000 രൂപയാണ് ഒറ്റത്തവണ ഗ്രാന്റ് ആയി നൽകുന്നത്. ഈ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നതാണ്. കേന്ദ്രസർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികൾക്ക് കീഴിലാണ് ഇന്റേണുകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
പിഎം ഇന്റേൺഷിപ്പ് സ്കീം 2025നായി എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് എന്ന് നോക്കാം,
കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം, പിഎംഐഎസ് ഔദ്യോഗിക പോർട്ടലിൽ പിഎം ഇന്റേൺഷിപ്പ് സ്കീം 2025-നുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫോമുകൾ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. അപേക്ഷാ ഫോം സമർപ്പിക്കുന്നതിനായി,
ആദ്യം pminternship.mca.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. തുടർന്ന് ഈ വെബ്സൈറ്റിൽ കാണാൻ കഴിയുന്ന
‘PM ഇന്റേൺഷിപ്പ് സ്കീം 2025 രജിസ്ട്രേഷൻ ഫോം’ എന്ന ലിങ്ക് തുറക്കുക. ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. സ്വയം രജിസ്റ്റർ ചെയ്ത് ലോഗിൻ ക്രെഡൻഷ്യലുകൾ സൃഷ്ടിക്കുന്നതാണ് ഈ ഘട്ടം.
തുടർന്ന് പോർട്ടൽ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക. ശേഷം ഫോം സമർപ്പിച്ച് ഭാവി റഫറൻസിനായി സ്ഥിരീകരണ പേജ് സൂക്ഷിക്കുക.
അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പുകൾ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനമായ ഈ അഭിമാന പദ്ധതിയിൽ നമുക്കും അണിചേരാം. മികച്ച കരിയറിനായി പരിശ്രമിക്കുന്ന 21നും 24 നും ഇടയിൽ പ്രായമുള്ള നിങ്ങളുടെ അറിവിലോ പരിചയത്തിലോ ഉള്ള ഉദ്യോഗാർത്ഥികൾക്കായി ഈ വിവരങ്ങൾ പങ്കുവെയ്ക്കാം.
Discussion about this post