പോർട്ട് ലൂയിസ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. പന്ത്രണ്ടാം തീയ്യതി നടക്കുന്ന മൗറീഷ്യസിന്റെ 57-ാമത് ദേശീയ ദിനാഘോഷത്തിൽ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ഇരു രാജ്യങ്ങളും തമ്മിൽ നിർണായക വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് വിവരം.
പോർട്ട് ലൂയിസിലെ വിമാനത്താവളത്തിൽ എത്തിയ മോദിയെ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ രാംഗൂലമാണ് സ്വീകരിച്ചത്. . മൗറിഷ്യസ് തലസ്ഥാനത്ത് എത്തിയ മോദിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. രാജ്യത്തെ 34 മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ ഇരുന്നൂറോളം പേർ മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
രാജ്യത്തിന്റെ 57-ാമത് ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് മോദി അവിടെ എത്തിയിരിക്കുന്നത്. ചടങ്ങിൽ ഇന്ത്യൻ നാവികസേനയുടെ ഒരു യുദ്ധക്കപ്പലിനൊപ്പം ഇന്ത്യൻ പ്രതിരോധ സേനയുടെ ഒരു സംഘവും ആഘോഷങ്ങളിൽ പങ്കെടുക്കും. ഇന്ത്യയുടെ ധനസഹായത്തോടെയുള്ള 20-ലധികം പദ്ധതികളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും എന്നാണ് വിവരം.
1968ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെയും തുടർന്ന് 1992ൽ റിപ്പബ്ലിക്കായി മാറിയതിന്റെയും സ്മരണ പുതുക്കാനായാണ് മൗറീഷ്യസ് ദേശീയ ദിനം ആഘോഷിക്കുന്നത്. ഇത്തവണത്തെ ആഘോൽ പരിപാടികളിൽ ഇന്ത്യൻ പ്രധാനമന്ത്രി മുഖ്യാതിഥിയാവുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് റൺധീർ ജെയ്‌സ്വാൾ എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ പ്രതിരോധം, വ്യാപാരം, സമുദ്രസുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യയും മൗറീഷ്യസും തമ്മിൽ കരാറിൽ ഏർപ്പെടും.
എന്റെ സുഹൃത്തും പ്രധാനമന്ത്രിയുമായ ഡോ. നവീൻചന്ദ്ര രാംഗൂലത്തെ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി സംവദിക്കാനും താൻ ആഗ്രഹിക്കുന്നു. സന്ദർശനം ഇന്ത്യ – മൗറീഷ്യസ് ബന്ധത്തിൽ പുതിയ അദ്ധ്യായം തുറക്കുമെന്ന് ഉറപ്പുണ്ടെന്ന് യാത്ര പുറപ്പെടും മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചിരുന്നു. മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലമാണ് മോദിയെ രാജ്യത്തേക്ക് ക്ഷണിച്ചത്.
Discussion about this post