കൊൽക്കത്ത: ജാദവ്പൂർ സർവ്വകലാശാലയിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കേസ് എടുത്ത് പോലീസ്. വലതുപക്ഷ വിദ്യാർത്ഥി സംഘടനകൾ നൽകിയ പരാതിയിൽ ആയിരുന്നു കേസ് എടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ജാദവ്പൂർ സർവ്വകലാശാലയിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.
സർവ്വകലാശാലയിലെ മൂന്നാം നമ്പർ ഗേറ്റിന് മുൻവശത്തെ മതിലിൽ ആയിരുന്നു മുദ്രാവാക്യം എഴുതിയിരുന്നത്. ‘ ഫ്രീ കശ്മീർ ( കശ്മീരിനെ സ്വതന്ത്രമാക്കുക)’ ഫ്രീ പലസ്തീൻ ( പലസ്തീനെ സ്വതന്ത്രമാക്കുക)’ എന്നിങ്ങനെ ആയിരുന്നു മുദ്രാവാക്യം. രാവിലെ ക്യാമ്പസിൽ എത്തിയ വിദ്യാർത്ഥികൾ ആണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം അദ്ധ്യാപകരെ അറിയിക്കുകയായിരുന്നു.
തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനകൾ ഭരിക്കുന്ന ക്യാമ്പസ് ആണ് ജാദവ്പൂർ. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ സംഭവത്തിൽ പങ്കില്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. പ്രതിയ്ക്കായി ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post