സംസ്ഥാന ബജറ്റിന്റെ ലോഗോയുടെ രൂപയുടെ ചിഹ്നത്തിന് പകരം തമിഴ് അക്ഷരമായ രു ചേർത്ത് സ്വയം അപഹാസ്യരാവുകയാണ് തമിഴ്‌നാട് സർക്കാരും എംകെ സ്റ്റാലിനും. ഇന്നലെ സ്റ്റാലിൻ എക്‌സിൽ പങ്കുവച്ച വീഡിയോയിലാണ് രൂപയുടെ ചിഹ്നം നീക്കം ചെയ്തത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഹിന്ദി ‘അടിച്ചേൽപ്പിക്കുകയാണ് സർക്കാർ എന്ന് ഡിഎംകെ വാദിക്കുന്നതിനിടയിലാണ് പുതിയ നീക്കം. എന്നാൽ ലോകം മുഴുവൻ ഇന്ത്യൻ രൂപയെ വേറിട്ട് തിരിച്ചറിയാൻ സഹായിക്കുന്ന ഈ ചിഹ്നത്തിന്റെ സൃഷ്ടാവ് ഒരു തമിഴ് പയ്യൻ ആയിരുന്നെന്ന കാര്യം എംകെ സ്റ്റാലിൻ വിസ്മരിക്കുകയാണോ എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. വിരോധാഭാസമെന്ന് പറയട്ടെ രൂപ ചിഹ്നം ചെയ്ത ഐഐടി പ്രൊഫസർ ഡി ഉദയകുമാർ ചില്ലറക്കാരനല്ല. ഡിഎംകെ സീറ്റിൽ എംഎൽഎയായ ധർമ്മലിംഗത്തിന്റെ ഇളയമകനാണ് ഉയകുമാർ ധർമ്മലിംഗം. 2010 ൽ യുപിഎ സർക്കാരാണ് ഡോളർ,യൂറോ തുടങ്ങി ലോകത്തുള്ള കറൻസികൾക്ക് സമാനമായി രൂപയ്ക്കും ചിഹ്നം ഏർപ്പെടുത്താൻ മത്സരം സംഘടിപ്പിച്ചതും ഡി ഉദയുമാർ ഡിസൈൻ ചെയ്ത ചിഹ്നം തിരഞ്ഞെടുക്കുന്നതും. ഗുവാഹാട്ടി ഐ.ഐ.ടിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഡിസൈൻ മേധാവിയുമായ അദ്ദേഹം ദേവനാഗരി, റോമൻ അക്ഷരങ്ങളിൽനിന്നാണ് പുതിയ ചിഹ്നത്തിന്റെ ആശയം രൂപപ്പെടുത്തിയത്.
ഈ വസ്തുത ഓർക്കാതെ രൂപയുടെ ചിഹ്നം നീക്കം ചെയ്ത സംസ്ഥാന സർക്കാരിന്റെ നീക്കത്തെ ബിജെപി കണക്കറ്റ് വിമർശിക്കുന്നുണ്ട്. ചിഹ്നത്തെ തമിഴിൽ എഴുതി അവതരിപ്പിക്കുന്ന ഡിഎംകെ നീക്കത്തെ മണ്ടത്തരമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ വിമർശിച്ചത്. ഈ നീക്കം വിഡ്ഢിത്തമാണെന്നും രൂപയുടെ ചിഹ്നത്തെ സ്റ്റാലിൻ സർക്കാർ അപമാനിച്ചെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി. രൂപയുടെ ദേശീയ ചിഹ്നത്തെ സ്റ്റാലിൻ സർക്കാർ അപമാനിച്ചു. ഡി.എം.കെ എം.മുൻ എൽ.എയുടെ മകൻ ഉദയ്കുമാർ രൂപകൽപന ചെയ്തതായിരുന്നു ആ ചിഹ്നം. രാജ്യം മുഴുവൻ ഔദ്യോഗികമായി അംഗീകരിച്ച രൂപയെ അപമാനിച്ചുകൊണ്ടാണ് ഡി.എം.കെ സർക്കാർ പുതിയ ലോഗോ പുറത്തിറക്കിയത്. നിങ്ങൾക്ക് ഇത്രത്തോളം വിഡ്ഢിയാകാൻ എങ്ങനെ കഴിയുന്നു സ്റ്റാലിനെന്ന് അണ്ണാമലൈ ചോദിച്ചു.
ഇന്ത്യയിൽനിന്ന് വേറിട്ട് നിൽക്കാനുള്ള ഡി.എം.കെയുടെ നീക്കമാണ് ഇത് കാണിക്കുന്നതെന്ന് ബി.ജെ.പി വക്താവ് നാരായണൻ തിരുപ്പതി ആരോപിച്ചു. രൂപയുടെ ചിഹ്നം ഇന്ത്യയുടെ ചിഹ്നമായാണ് എവിടെയും മനസ്സിലാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷ നയത്തിൽ കേന്ദ്രസർക്കാരിനെതിരായ തുറന്ന യുദ്ധത്തിന്റെ ഭാഗമായാണ് ഈ ചിഹ്നമാറ്റത്തെ ഡിഎംകെ കണക്കാക്കുന്നതെന്നാണ് വിവരം, മുൻപത്തെ രണ്ട് ബജറ്റുകളിലും രൂപയുടെ ചിഹ്നമാണ് ഉപയോഗിച്ചിരുന്നത്. ഇത്തവണയാണ് ഇതിൽ മാറ്റംകൊണ്ടുവന്നിരിക്കുന്നത്.
Discussion about this post