മലപ്പുറം: മഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ച വ്‌ളോഗർ ജുനൈദ് മദ്യപിച്ചിരുന്നതായി പോലീസ്. മരണത്തിൽ അസ്വാഭാവികതയില്ലെന്നും പോലീസ് പറഞ്ഞു. ജുനൈദിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തൽ. ഇന്നലെ രാത്രിയോടെയായിരുന്നു വാഹനാപകടത്തിൽ ജുനൈദ് മരിച്ചത്.
മരണത്തിന് പിന്നാലെ അസ്വാഭാവികതയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇത് മാദ്ധ്യമങ്ങളിൽ വലിയ വാർത്ത ആകുകയും ചെയ്തിരുന്നു. ഇതോടെയാണ് പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി പോലീസ് രംഗത്ത് എത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ ശരീരത്തിൽ ആൽക്കഹോളിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി രക്തസാമ്പിൾ അയച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ജുനൈദ് അലക്ഷ്യമായി വാഹനം ഓടിക്കുന്നതായി പോലീസിന്റെ കൺട്രോൾ റൂമിലേക്ക് പരാതി ലഭിച്ചിരുന്നു. അലക്ഷ്യമായി വാഹനം ഓടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി എത്തിയത്. ഇതിന് നിമിഷങ്ങൾക്ക് ശേഷം ആയിരുന്നു ജുനൈദിന്റെ വാഹനം അപകടത്തിൽപ്പെട്ടത്.
കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ജുനൈദ് സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്നിരുന്ന ഇയാളെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Discussion about this post