ഇസ്ലാമാബാദ്; സ്വന്തം നാട് ആതിഥേയത്വം വഹിച്ച ചാമ്പ്യൻസ് ട്രോഫിയിലെ നാണംകെട്ട പ്രകടനങ്ങൾക്ക് പിന്നാലെ ന്യൂസിലൻഡിലും തോൽവിയേറ്റുവാങ്ങി പാകിസ്താൻ. മത്സരിച്ച ഒരു മാച്ചിൽ പോലും ജയം നേടാനാവാതെയായിരുന്നു ചാമ്പ്യൻസ് ട്രോഫിയുടെ അഞ്ചാം ദിനം പാകിസ്താൻ പുറത്ത് പോയത്. ഇത് ന്യൂസിലൻഡിലും ആവർത്തിച്ചിരിക്കുകയാണ്. ന്യൂസീലൻഡ് പര്യടനത്തിലാണ് വീണ്ടും തോൽവി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരംതന്നെയാണ് തോറ്റത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 18.4 ഓവറിൽ 91 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡ് 10.1 ഓവറിൽ ഒരുവിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പാക് നിരയിൽ എട്ടുപേർ രണ്ടക്കംപോലും കടക്കാതെയാണ് മടങ്ങിയത്. 32 റൺസ് നേടിയ ഖുഷ്ദിൽ ഷായും 18 റൺസ് നേടിയ ക്യാപ്റ്റൻ സൽമാൻ ആഗയും 17 റൺസ് നേടിയ ജഹൻദാദ് ഖാനും ആണ് ടോപ് സ്‌കോറർമാർ. അഞ്ചോവർ പൂർത്തിയാവുന്നതിന് മുന്നേ 11 റൺസിനിടെ ആദ്യ നാലുപേർ മടങ്ങിയതാണ് പാകിസ്താന്റെ അടിത്തറ ഇളക്കിയത്. 11 റൺസെടുക്കുന്നതിനിടെ തന്നെ അവസാനത്തെ നാലുപേരും മടങ്ങിയതോടെ എല്ലാവരും വിധിയെഴുതി.
ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിൽ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ പാകിസ്താൻ എല്ലാവർക്കും മറുപടി നൽകുമെന്നാണ് പിസിബി അവകാശപ്പെട്ടിരുന്നത്.ഒമ്പത് വിക്കറ്റിനാണ് ന്യൂസീലൻഡ് ജയിച്ചത്. അതും 59 പന്തുകൾ ബാക്കിനിർത്തി. ഇതിനാണോ പാകിസ്താൻ സൂപ്പർ താരങ്ങളെയെല്ലാം പുറത്താക്കിയതെന്നാണ് ആരാധകർ ട്രോളുന്നത്.ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും ഒഴിവാക്കിയതുകൊണ്ട് പാകിസ്താൻ ടീം രക്ഷപെടില്ലെന്നാണ് ആരാധകർ പറയുന്നത്.
Discussion about this post