ചണ്ഡീഗഡ്: അമൃത്‌സറിലെ ഖണ്ഡ്‌വാലയിലെ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഖാലിസ്ഥാൻ ഭീകരർ അറസ്റ്റിൽ. ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ബന്ധമുള്ള കർണ, മുകേഷ്, സാജൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലെ കൂടുതൽ പ്രതികൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
അമൃത്‌സർ പോലീസ് കമ്മീഷണർ ഗുർദീപ് സിംഗ് ഭുള്ളാർ ആണ് അറസ്റ്റുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഹാറിൽ നിന്നായിരുന്നു ഇവരെ പിടികൂടിയത്. ബിഹാറിൽ നിന്നും നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. ഇതിനിടെയാണ് പിടിയിലായത്. ക്ഷേത്രം ആക്രമിക്കാനുള്ള ആയുധങ്ങളും ഗ്രനേഡ് ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും ഇവരാണ് എത്തിച്ചത് എന്നാണ് പോലീസ് പറയുന്നത്.
ബബ്ബർ ഖൽസ ഇന്റർനാഷണലുമായി കർണയ്ക്കാണ് ഏറ്റവും അടുത്ത ബന്ധം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭീകര സംഘടനയ്ക്ക് വേണ്ടി ഇയാൾ നിരവധി തവണ ആയുധങ്ങൾ കടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു ക്ഷേത്രത്തിൽ സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ ക്ഷേത്രത്തിന് വലിയ കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനത്തിൽ ആർക്കും ആളപായമില്ല.
Discussion about this post