അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുകെയിലെ പഠന സാഹചര്യം വളരെ കഠിനമായി മാറിയിട്ടുണ്ടെന്ന മുന്നറിയിപ്പു നൽകുന്ന പിഎച്ഡി വിദ്യാർത്ഥിയുടെ കുറിപ്പ് വൈറലാകുന്നു. യുകെയിൽ കമ്പ്യൂട്ടർ സയൻസിൽ അവസാന വർഷ പിഎച്ഡി ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥിയാണ് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഈ മുന്നറിയിപ്പ് നൽകുന്നത്. യുകെയിലേക്ക് ഉന്നത വിദ്യാഭ്യാസവും അത് കഴിഞ്ഞ് ഇവിടെ തന്നെ ജോലിയും എന്ന് സ്വപ്നം കാണുന്നവരാണോ നിങ്ങൾ എങ്കിൽ ആ ആഗ്രഹത്തെ രണ്ടാമത് ഒന്നുകൂടി വിലയിരുത്തണമെന്ന മുന്നറിയിപ്പാണ് വിദ്യാർത്ഥി നൽകുന്നത്.
ഭക്ഷണ ചിലവ്, ഉയർന്ന വീട് വാടക, സ്ഥിരതയില്ലാത്ത ജോലി സമയം, മോശം കാലാവസ്ഥ, യുകെയിലെ വംശീയത, തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ‘യുകെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ഒരു കെണിയാണ് – ‘ എന്ന തലക്കെട്ടിലാണ് റെഡ്ഡിറ്റ് പോസ്റ്റിൽ വിദ്യാർത്ഥി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. യുകെയിലെ അന്തരീക്ഷം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വളരെ ബുദ്ധിമുട്ടായി മാറിയിരിക്കുന്നുവെന്നും വിദ്യാർത്ഥി മുന്നറിയിപ്പ് നൽകുന്നു.
ഇവിടെ വരാൻ ആലോചിക്കുന്നുണ്ടെങ്കിൽ, ദയവായി രണ്ടുതവണ ചിന്തിക്കുക – നിങ്ങളുടെ പണവും സമയവും ഊർജ്ജവും പാഴാക്കുന്ന അവസ്ഥയിലേക്ക് നിങ്ങൾ എത്തിയേക്കാം. മാന്യമായ ഒരു ജീവിത നിലവാരം പുലർത്താൻ പോലും കഴിയാത്ത പാർട്ട് ടൈം ജോലികളിലേക്ക് പോകാൻ പല വിദ്യാർത്ഥികളും സ്വയം നിർബന്ധിതരാകുന്നു. മാസ്റ്റേഴ്‌സ് പൂർത്തിയാക്കിയ, പോസ്റ്റ്-സ്റ്റഡി വിസ നീട്ടിയ സുഹൃത്തുക്കളുടെയെല്ലാം അവസ്ഥ വളരെ പരിതാപകരമാണ്.
വലിയ മാനസിക സമ്മർദ്ധത്തിലൂടെയാണ് അവർ കടന്നുപോകുന്നത്. ഇതൊന്നും അവർക്ക് പുറത്ത് പറയാൻ പോലും സാധിക്കുന്നില്ല. വളരെ പെട്ടെന്ന് ക്ഷീണിച്ച് എല്ലും തോലുമായി മാറുന്നു. മാനസിക ബുദ്ധിമുട്ടുകൾ സഹിക്കാനാവാതെ ഒടുവിൽ ഇന്ത്യയിലേക്ക് മടങ്ങുന്നതും ഞാൻ കണ്ടിട്ടുണ്ട്,” വിദ്യാർത്ഥി പോസ്റ്റിൽ വ്യക്തമാക്കുന്നു.
യുകെയിൽ പഠനത്തിന് വന്നാൽ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും അത് മാതാപിതാക്കളുടെ ചുമലിൽ വെയ്ക്കേണ്ടിവരുമെന്നും വിദ്യാർത്ഥി മുന്നറിയിപ്പ് നൽകുന്നു. യുകെയിൽ ഒരു വർഷത്തെ എം എസ്‌സി ബിരുദം ഇന്ത്യയിൽ ബിടെക് അല്ലെങ്കിൽ ബിഇയ്ക്ക് തുല്യമായാണ് കാണുന്നത്. യുഎസിൽ ആകട്ടെ അതിൽ കുറഞ്ഞ യോഗ്യതയായാണ് ഇത് കാണുന്നത്. “അതായത് യുഎസ്എയിലെ എംഎസി ബിരുദവുമായോ ഇന്ത്യയിലെ എംടെക്, എംഇ, എംഎസിയുമായോ താരതമ്യപ്പെടുത്തുമ്പോൾ അതിനേക്കാൾ യോഗ്യത കുറവായാണ് ഇത് കാണക്കാക്കുന്നത്.
“ദയവായി എന്റെ അനുഭവം ഗൗരവമായി എടുത്ത് യുകെയിലേക്ക് വരുന്ന കാര്യം നിങ്ങൾ പുനഃപരിശോധിക്കേണം.”കൂടാതെ, “എന്റെ 99% സുഹൃത്തുക്കളും എം.എസ്‌സി പൂർത്തിയാക്കിയതിന് ശേഷമോ എം.എസ്‌സി + പി.എസ്.ഡബ്ല്യുവിന് ശേഷമോ ഇന്ത്യയിലേക്ക് മടങ്ങി” എന്നും വിദ്യാർത്ഥി പോസ്റ്റിൽ പറയുന്നു.
പല മാസ്റ്റേഴ്‌സ് വിദ്യാർത്ഥികളും തങ്ങളുടെ അസൈൻമെൻ്റുകൾ ഔട്ട് സോഴ്‌സ് ചെയ്യുന്നുണ്ടെന്ന് സർവ്വകലാശാലകൾക്ക് അറിയാമെന്ന് തോന്നുന്നു. അവർ പ്രധാനമായും ഫീസ് ഫീസ് വാങ്ങുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.വിദ്യാർത്ഥികൾ, ഇമിഗ്രേഷൻ ഓഫീസർമാർ, സർവ്വകലാശാലകൾ, തൊഴിലുടമകൾ തുടങ്ങി എല്ലാവർക്കും ഇതെല്ലാം അറിയാം. എന്നിട്ടും ആരും ഒന്നും പുറത്ത് പറയുന്നില്ല.
നിരവധി വിദ്യാർത്ഥികളാണ് ഈ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ഏറ്റവും വലിയ യൂണിവേഴ്സിറ്റിയിൽ അവസരം ലഭിക്കും എന്ന രീതിയിലാണ് വിവിധ കൺസൽട്ടൻറുകൾ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്നത്. ഈ സാഹചര്യത്തിലൂടെ കടന്നു പോയ അനേകം വിദ്യാർത്ഥികൾ ഇവിടെയുണ്ടെന്ന പ്രതികരണമായിരുന്നു അതിൽ പ്രധാനം .










Discussion about this post